വയനാട്: വയനാട് കള്ളാടിയിലുണ്ടായത് സ്വാഭാവികമായ ഒരു മണ്ണിടിച്ചിലല്ലെന്നും പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായ ദുരന്തമാണെന്നും കൃഷി മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് അശാസ്ത്രീയമായ രീതിയില്‍ വന്‍തോതില്‍ മണ്ണ് കൂട്ടിയിട്ടതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ മന്ത്രി എ.പി. അനില്‍കുമാറും താനും അടിയന്തിരമായി വയനാട്ടിലേക്ക് തിരിക്കുകയാണെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തെത്തുടര്‍ന്ന് ആകെ ആറുപേര്‍ മിംസ് (MIMS) ആശുപത്രിയില്‍ ചികിത്സ തേടിയതായി മന്ത്രി സ്ഥിരീകരിച്ചു. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ്, രജനീഷ്, തന്മയി ഘോഷ് എന്നിവരെയാണ് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക സംഘങ്ങള്‍ അപകടസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടറും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനകള്‍ നടത്തിവരികയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

തുരങ്കപാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് കൂട്ടിയിടുന്നത് അശാസ്ത്രീയമാണെന്ന കാര്യം തങ്ങള്‍ തുടക്കത്തില്‍ത്തന്നെ കൊങ്കണ്‍ റെയില്‍വേ അധികൃതരുടെ യോഗത്തില്‍ ഉള്‍പ്പെടെ ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് മന്ത്രി ടി. സിദ്ദിഖ് വെളിപ്പെടുത്തി. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഇപ്പോള്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വലിയ ദുരന്തത്തില്‍ കലാശിച്ചത്. ദുരന്തത്തിലേക്ക് നയിച്ച ഈ ഗുരുതരമായ വീഴ്ചയെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
