വയനാട്: വയനാട് കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന നിര്‍മ്മാണ കമ്പനിയുടെ കണ്ടെയ്‌നര്‍ ഓഫീസില്‍ നിന്നാണ് നിലവില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേരെ നേരത്തെ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമായതിനാല്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.
രണ്ട് മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ ഒരാളുടെ മരണം പൂര്‍ണ്ണമായി സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണ്. അതിശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്തെ പ്രമുഖ പാതയായ മീനാക്ഷിപ്പാലം പൂര്‍ണ്ണമായും മണ്ണിനടിയിലായ അവസ്ഥയിലാണ്. തുരങ്കപാതയുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ചിരുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായി.

പ്രദേശത്ത് ഇപ്പോഴും നിരവധി ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി വാര്‍ഡ് മെമ്പര്‍ മാധ്യമങ്ങളോട് ആശങ്ക പങ്കുവെച്ചു. നിലവില്‍ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തിര കൂടിക്കാഴ്ച നടത്തി. ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ നേരിട്ട് നിയന്ത്രിക്കുന്നതിനായി റവന്യൂ മന്ത്രി എ.പി. അനില്‍കുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും അടിയന്തിരമായി വയനാട്ടിലേക്ക് തിരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
