ഭോപ്പാൽ: മധ്യപ്രദേശിലെ അഗർ-മാൾവ ജില്ലയിലുള്ള ബഗ്ലമുഖി ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ഉയർന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന സർക്കാർ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.ക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന പരാതി. ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്തതിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.
സർക്കാർ നിയന്ത്രണത്തിലുള്ള മേൽനോട്ട സമിതി നിലവിലുണ്ടായിരുന്നിട്ടും, ക്ഷേത്രത്തിൽ സമാന്തരമായി മറ്റൊരു കമ്മിറ്റി പ്രവർത്തിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. ഭക്തർ പണമായും സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വഴിപാടുകളായും നൽകിയ സംഭാവനകൾ ഈ കമ്മിറ്റിയാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് ആരോപണം. ഇതുവഴി ക്ഷേത്ര വരുമാനത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നാണ് പ്രാഥമിക സൂചന.സംഭവം വിവാദമായതോടെയാണ് ബിജെപി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മൂന്നംഗ സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഇതിനിടെ, ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഭക്തരുടെ സംഭാവനകൾ ചെലവഴിച്ചതിൽ വ്യാജ രസീതുകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകളുടെ തെളിവുകൾ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ നാലംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റ് രണ്ട് പേർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്. ട്രസ്റ്റിന്റെ പുനഃസംഘടന ജൂലൈ 22ന് ശേഷം നടക്കും.
