Thursday, July 9, 2026

ഇറാനില്‍ വന്‍ നാശനഷ്ടവും ആള്‍നാശവും; ഖമനയിയുടെ കബറടക്കം വൈകും

ടെഹ്‌റാന്‍: അമേരിക്കയുടെ ശക്തമായ വ്യോമാക്രമണത്തില്‍ ഇറാനില്‍ വന്‍ നാശനഷ്ടവും ആള്‍നാശവും. 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൗതികശരീരം സംസ്‌കരിക്കാനിരിക്കുന്ന മഷാദിലേക്കുള്ള റെയില്‍വേ പാലം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ടെഹ്റാനില്‍ നിന്നും മഷാദിലേക്കുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ആയത്തുല്ല ഖമേനിയുടെ കബറടക്ക ചടങ്ങുകള്‍ വൈകും. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയ്ക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്ക്) മഷാദിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ ‘ഇമാം റെസ’ മസ്ജിദിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിലാപയാത്രയില്‍ പങ്കെടുക്കാനെത്തുന്ന ആളുകളെ റോഡ് മാര്‍ഗ്ഗം മഷാദില്‍ എത്തിക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇറാനിലെ വിവിധ മേഖലകളായ ഖഷാം, അബു മൂസ ഐലണ്ട്, കൊണറാക്ക്, ബന്ദര്‍ അബ്ബാസ്, ചബഹാര്‍, ജാസക്, ഇറാന്‍ ഷെഹര്‍ എന്നിവിടങ്ങളിലും അമേരിക്കന്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ഇറാനിലും അയല്‍രാജ്യമായ ഇറാഖിലെ നജാഫ്, കര്‍ബല തുടങ്ങിയ പുണ്യനഗരങ്ങളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഭൗതികശരീരം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിച്ചത്. കബറടക്ക ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് രാജ്യം അതീവ ദുഃഖാചരണത്തിലായിരിക്കെയാണ് യുഎസ് വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം. അന്താരാഷ്ട്ര കപ്പല്‍ച്ചാലുകളില്‍ ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചടങ്ങുകള്‍ക്കിടയിലുണ്ടായ ഈ അപ്രതീക്ഷിത ആക്രമണം മിഡില്‍ ഈസ്റ്റില്‍ കനത്ത യുദ്ധഭീതിയും ആശങ്കയും ഉയര്‍ത്തിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!