Friday, July 10, 2026

വീട് നവീകരണ തട്ടിപ്പ് വര്‍ധിക്കുന്നു; സര്‍ക്കാര്‍ ഉപഭോക്താക്കളെ സംരക്ഷിക്കാത്തതില്‍ കടുത്ത അതൃപ്തി: നാനോസ് സര്‍വേ

ഓട്ടവ: കാനഡയിലെ വീട് നിര്‍മ്മാണ-നവീകരണ രംഗത്ത് തട്ടിപ്പുകാര്‍ വര്‍ധിച്ചുവരുന്നതായും, ഇത്തരക്കാരില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും പുതിയ സര്‍വേ റിപ്പോര്‍ട്ട്. നാനോസ് റിസര്‍ച്ച് നടത്തിയ വോട്ടെടുപ്പിലാണ് മൂന്നിലൊന്ന് കാനഡക്കാരും സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

വ്യാജവും ധാര്‍മ്മികതയില്ലാത്തതുമായ കരാറുകാരില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ ‘വളരെ മോശം’ (15.3 ശതമാനം) അല്ലെങ്കില്‍ ‘മോശം’ (23.8 ശതമാനം) രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് 39.1 ശതമാനം കാനഡക്കാരും വിശ്വസിക്കുന്നു. വെറും 5.2 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നത്.

ഈ വര്‍ഷം മാത്രം ദിവസേനയെന്നോണം ഇത്തരം നിര്‍മ്മാണ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ടൊറന്റോ പോലീസ് ഫിനാന്‍ഷ്യല്‍ ക്രൈംസ് വിഭാഗം വ്യക്തമാക്കുന്നു. ഔദ്യോഗികമായി ഇതുവരെ നൂറ്റമ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലപ്പോഴും വഞ്ചിതരാകുന്ന വീട്ടുടമകള്‍ പോലീസിനെ സമീപിക്കാറുണ്ടെങ്കിലും നിയമപരമായ ചില തടസ്സങ്ങള്‍ കാരണം പോലീസിന് ഉടനടി ഇടപെടാന്‍ സാധിക്കാറില്ല. ഇതൊരു ക്രിമിനല്‍ കുറ്റമാണോ അതോ സിവില്‍ തര്‍ക്കമാണോ എന്ന് വേര്‍തിരിച്ചറിയുക എന്നതാണ് പോലീസിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. കരാറുകാരന് ജോലി അറിയില്ലാത്തതുകൊണ്ട് നിര്‍മ്മാണം മോശമാകുന്നതും, മനഃപൂര്‍വ്വം പറ്റിക്കണമെന്ന ലക്ഷ്യത്തോടെ പണം തട്ടുന്നതും രണ്ടാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മനഃപൂര്‍വ്വമുള്ള ക്രിമിനല്‍ വഞ്ചനാക്കുറ്റം തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ പോലീസിന് കേസെടുക്കാന്‍ സാധിക്കൂ, ഇത് പലപ്പോഴും ജനങ്ങളില്‍ വലിയ നിരാശയുണ്ടാക്കുന്നുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഉപഭോക്താക്കള്‍ ചില മുന്‍കരുതലുകള്‍ എടുക്കണമെന്ന് കനേഡിയന്‍ ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (CHBA) നിര്‍ദ്ദേശിക്കുന്നു:

കരാറുകാരുടെ മുന്‍കാല ചരിത്രവും റെഫറന്‍സുകളും വ്യക്തമായി പരിശോധിക്കുക.

ഒന്നിലധികം ഏജന്‍സികളില്‍ നിന്ന് കൊട്ടേഷനുകള്‍ വാങ്ങി താരതമ്യം ചെയ്യുക.

ചെയ്യുന്ന ജോലികളുടെ കൃത്യമായ വിവരങ്ങള്‍ അടങ്ങിയ കരാര്‍ (Itemized contract) തയ്യാറാക്കുക.

പണം ഒരിക്കലും ഒന്നിച്ച് മുന്‍കൂറായി നല്‍കരുത്. പണികള്‍ തീരുന്നതിനനുസരിച്ച് ഗഡുക്കളായി (Installments) മാത്രം തുക കൈമാറുക.

കെട്ടിട നിര്‍മ്മാണ മേഖലയില്‍ കര്‍ശനമായ നിയന്ത്രണങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും കൊണ്ടുവരണമെന്നാണ് നിലവില്‍ സാമ്പത്തികമായി തകര്‍ന്ന വീട്ടുടമകളുടെ പ്രധാന ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!