Friday, July 10, 2026

കാനഡയില്‍ പങ്കാളികള്‍ക്കിടയില്‍ തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ: കാനഡയില്‍ പങ്കാളികള്‍ക്കിടയില്‍ തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. പുതിയ പഠനങ്ങള്‍ പ്രകാരം, മുന്‍ പതിറ്റാണ്ടിനെ അപേക്ഷിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കാനഡയില്‍ തോക്കുപയോഗിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റിപ്പോര്‍ട്ട് പ്രകാരം 2010-2014 കാലഘട്ടത്തെ അപേക്ഷിച്ച് 2020-2024 വര്‍ഷങ്ങളില്‍ പങ്കാളികള്‍ക്കിടയിലെ തോക്കുപയോഗിച്ചുള്ള അതിക്രമങ്ങളുടെ വാര്‍ഷിക നിരക്കില്‍ 58 ശതമാനം വര്‍ധനയുണ്ടായി. ഇതില്‍ ഇരയാക്കുന്നവരില്‍ ഭൂരിപക്ഷവും (85 ശതമാനം) 12 വയസ്സിന് മുകളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളുമാണ്. സാധാരണയായി ഇത്തരം അതിക്രമങ്ങളില്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിക്കാറില്ലെങ്കിലും, തോക്കുകള്‍ ഉപയോഗിക്കുന്ന ഘട്ടങ്ങളില്‍ ഇരകള്‍ കൊല്ലപ്പെടാനുള്ള സാധ്യത സാധാരണ സംഭവങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണെന്ന് പബ്ലിക് സേഫ്റ്റി കാനഡ വ്യക്തമാക്കുന്നു.

പങ്കാളികള്‍ തമ്മില്‍ വേര്‍പിരിയുന്ന സമയത്തോ അല്ലെങ്കില്‍ അതിന് തൊട്ടുപിന്നാലെയോ ആണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2009 നും 2024 നും ഇടയില്‍ നടന്ന പങ്കാളികള്‍ക്കിടയിലെ കൊലപാതകങ്ങളില്‍ അഞ്ചിലൊന്നിനും കാരണം വെടിയേറ്റതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുത്തിക്കൊലപ്പെടുത്തുന്നത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് വെടിയേറ്റാണ്.

പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലാണ് തോക്കുപയോഗിച്ചുള്ള ഇത്തരം അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്കിടയിലായിരുന്നു ഇത്തരം കേസുകള്‍ കൂടുതലെങ്കില്‍, ഇപ്പോള്‍ പ്രണയപങ്കാളികള്‍ തമ്മിലുള്ള അതിക്രമങ്ങളാണ് വര്‍ധിച്ചുവരുന്നത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളില്‍ തോക്കുപയോഗിച്ചുള്ള അതിക്രമങ്ങളുടെ നിരക്ക് മൂന്ന് മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

റൈഫിളുകള്‍ക്കും ഷോട്ട്ഗണുകള്‍ക്കും പകരം ഹാന്‍ഡ്ഗണുകളാണ് ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ക്കായി കൂടുതല്‍ ഉപയോഗിക്കുന്നത്. 2024-ല്‍ ഇത്തരം കേസുകളില്‍ പ്രതികളായവരില്‍ മൂന്നില്‍ രണ്ട് ഭാഗം (66%) ആളുകളും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരോ പോലീസിന്റെ നിരീക്ഷണത്തിലുള്ളവരോ ആണ്. ഇതില്‍ 36 ശതമാനം പേര്‍ മുന്‍പും പങ്കാളികളെ ഉപദ്രവിച്ച കേസില്‍ പ്രതികളായിട്ടുള്ളവരാണ്. പങ്കാളികള്‍ കൊല്ലപ്പെട്ട കേസുകളില്‍ 44 ശതമാനം വെടിവെയ്പ്പുകളിലും പ്രതികളുടെ അക്രമസ്വഭാവത്തെക്കുറിച്ച് പോലീസിന് മുന്‍പ് തന്നെ അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷാ ഭീഷണിയുള്ളവര്‍ക്ക് കോടതിയെ സമീപിച്ച് അക്രമിയുടെ തോക്കുകളും ലൈസന്‍സും താത്കാലികമായി പിടിച്ചെടുക്കാനുള്ള ‘റെഡ് ഫ്‌ലാഗ്’ (Red flag) നിയമങ്ങള്‍ കാനഡയിലുണ്ടെങ്കിലും, ഇവ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!