ന്യൂഡല്‍ഹി: നാടുകടത്തപ്പെട്ട ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍നിന്ന് ബംഗ്ലദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്കിയ പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് 78-കാരിയായ ഹസീന ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ബംഗ്ലദേശിലെ യുദ്ധക്കുറ്റ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും, നാട്ടിലെത്തി സ്വമേധയാ കോടതിയില്‍ കീഴടങ്ങാനാണ് തങ്ങളുടെ തീരുമാനമെന്ന് അവര്‍ അറിയിച്ചു.
തന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്തേക്കാമെന്ന് ബോധ്യമുണ്ടെങ്കിലും, കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്ന അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കായി മടങ്ങുക തന്നെ ചെയ്യുമെന്നും, മരണം വരികയാണെങ്കില്‍ അത് മാതാപിതാക്കളുടെ ചോരവീണ സ്വന്തം മണ്ണില്‍ വെച്ചാകട്ടെ എന്നും ഹസീന വൈകാരികമായി പ്രതികരിച്ചു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതോടൊപ്പം മടങ്ങുമെന്നാണ് സൂചന.

ബംഗ്ലദേശില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി വഹിച്ച ഷെയ്ഖ് ഹസീന, 2024-ലെ കടുത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ കൈമാറണമെന്ന് ബംഗ്ലദേശ് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, തന്റെ മടക്കവുമായി ബന്ധപ്പെട്ട് വിദേശ സര്‍ക്കാരുകളുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഹസീനയുടെ ഈ അപ്രതീക്ഷിത മടക്കപ്രഖ്യാപനം ബംഗ്ലദേശിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും വഷളാക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, നിലവില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന അവാമി ലീഗിന്മേലുള്ള വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഹസീന, ഓണ്‍ലൈന്‍ വഴി പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചതായും കൂട്ടിച്ചേര്‍ത്തു.
