ടെഹ്റാൻ:പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത ഉയരുന്നതിനിടെ, ഇറാൻ പ്രതികാര നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ . ഇതോടെ പേർഷ്യൻ ഗൾഫ് തീരത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിൽ സുരക്ഷാ ആശങ്ക ശക്തമായിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം, ഇറാനിലെ അഹ്വാസ്, ബുഷെഹർ, ബന്ദർ അബ്ബാസ്, കൊനാരക്, ചബഹാർ തുടങ്ങിയ തന്ത്രപ്രധാന തീരദേശ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലുമായി സൈനിക നീക്കങ്ങൾ സജീവമായിട്ടുണ്ട്. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതായും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യതയുള്ള ഏതെങ്കിലും സൈനിക നടപടികൾ ഗൾഫ് മേഖലയിലെ സുരക്ഷയെയും സാമ്പത്തിക പ്രവർത്തനങ്ങളെയും, പ്രത്യേകിച്ച് ഊർജവിതരണത്തെയും കപ്പൽഗതാഗതത്തെയും ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് ജിസിസി രാജ്യങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സജ്ജീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മേഖലാ സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ നയതന്ത്ര ശ്രമങ്ങളും തുടരുകയാണെന്നും അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
