Friday, July 10, 2026

AI, ഇ-കൊമേഴ്‌സ് മേഖലകളിൽ സൗദിയുടെ വളർച്ച; പുതിയ ബിസിനസ് കണക്കുകൾ പുറത്ത്

റിയാദ്: സൗദി അറേബ്യയിലെ ബിസിനസ് മേഖലയിൽ ശക്തമായ വളർച്ച തുടരുന്നു. 2026 രണ്ടാം പാദത്തിന്റെ അവസാനത്തോടെ രാജ്യത്തെ സജീവ വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 19,18,512 ആയി ഉയർന്നതായി വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ ത്രൈമാസ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വാണിജ്യ രജിസ്‌ട്രേഷനുകളിൽ 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിൽ മാത്രം 71,000-ത്തിലധികം പുതിയ വാണിജ്യ രജിസ്‌ട്രേഷനുകൾ അനുവദിച്ചു. നിലവിലെ കണക്കിൽ 12,80,505 സ്ഥാപനങ്ങളും 6,38,007 കമ്പനികളും ഉൾപ്പെടുന്നു.

രാജ്യത്ത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട മേഖലകളിലും ശ്രദ്ധേയമായ വളർച്ചയാണ് ഉണ്ടായത്. എഐ മേഖലയിലെ സജീവ വാണിജ്യ രജിസ്‌ട്രേഷനുകൾ 22,591 ആയി, വാർഷിക അടിസ്ഥാനത്തിൽ 33 ശതമാനം വർധന രേഖപ്പെടുത്തി. ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിലെ രജിസ്‌ട്രേഷനുകൾ 42 ശതമാനം ഉയർന്ന് 6,802 ആയി.

ഇ-കൊമേഴ്‌സ് മേഖലയിലും മുന്നേറ്റം തുടരുകയാണ്. സജീവ ഇ-കൊമേഴ്‌സ് രജിസ്‌ട്രേഷനുകൾ 23 ശതമാനം വർധിച്ച് 48,497 ആയി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇ-കൊമേഴ്‌സ് വിപണികളിൽ ഒന്നായി സൗദി അറേബ്യ മാറുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ടൂറിസം മേഖലയിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസോർട്ട് മേഖലയിലെ വാണിജ്യ രജിസ്‌ട്രേഷനുകൾ 43 ശതമാനം വർധിച്ചു. ടൂറിസ്റ്റ് ഗൈഡ് സേവനങ്ങളിൽ 38 ശതമാനവും, ടൂർ ഓപ്പറേറ്റർ മേഖലയിൽ 33 ശതമാനവും, ട്രാവൽ ഏജൻസി മേഖലയിൽ 32 ശതമാനവും വളർച്ചയുണ്ടായി.

അതേസമയം, സൗദിയിലെ സംരംഭക രംഗത്ത് വനിതകളുടെ പങ്കാളിത്തം ഉയരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ സജീവ വാണിജ്യ സ്ഥാപന രജിസ്‌ട്രേഷനുകളിൽ 46 ശതമാനവും വനിതാ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ 38 ശതമാനം സ്ഥാപനങ്ങൾ യുവ സംരംഭകരുടെ ഉടമസ്ഥതയിലുള്ളവയാണ്.

2026 രണ്ടാം പാദത്തിൽ അനുവദിച്ച പുതിയ വാണിജ്യ രജിസ്‌ട്രേഷനുകളിൽ 47 ശതമാനവും സ്ത്രീകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾക്കാണ് ലഭിച്ചത്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തവും സംരംഭകത്വവും വർധിപ്പിക്കുന്ന സൗദിയുടെ നയങ്ങളുടെ പ്രതിഫലനമായാണ് ഈ വളർച്ച വിലയിരുത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!