കാലിഫോർണിയ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്റാരിയോയിലെ ബ്രാംപ്ടൺ സ്വദേശിയായ ഗുരംരിത് സിദ്ധുവിന് അമേരിക്കൻ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. അധോലോക ഇടപാടുകളിൽ ഇയാൾ കിങ് (King) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
2020 സെപ്റ്റംബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകിയെന്ന് സിദ്ധു ഈ വർഷം ആദ്യം കുറ്റം സമ്മതിച്ചിരുന്നു.2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 500 കിലോഗ്രാമിലധികം മെത്താംഫെറ്റമിനും ഏകദേശം 350 കിലോഗ്രാം കൊക്കെയിനും അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്തിയതായി കാലിഫോർണിയയിലെ കോടതിയും കണ്ടെത്തി.ഇതിന്റെ ആകെ മൂല്യം ഏകദേശം 1.7 കോടി അമേരിക്കൻ ഡോളർ വരും.

അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ(FBI) നടത്തിയ ‘ഓപ്പറേഷൻ ഡെഡ് ഹാൻഡ്’ (Operation Dead Hand) എന്ന അന്വേഷണത്തിലാണ് ഗുരംരിത് സിദ്ധു കുടുങ്ങിയത്. 2024 ഒക്ടോബറിലാണ് സിദ്ധുവിനെ അറസ്റ്റ് ചെയ്ത് കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കൈമാറിയത്. ഈ കേസിൽ കുറ്റം സമ്മതിക്കുന്ന എട്ടാമത്തെ പ്രതിയാണ് സിദ്ധുവെന്നും യു.എസ് അറ്റോർണിയുടെ ഓഫീസ് അറിയിച്ചു.
