Friday, July 10, 2026

സുരക്ഷാ വീഴ്ച; ബിസി ബോട്ട് അപകടത്തില്‍ പെട്ട കമ്പനിയുടെ മറ്റൊരു ബോട്ട് പിടിച്ചെടുത്തു

വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയില്‍ കഴിഞ്ഞ മാസമുണ്ടായ ബോട്ടപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ അതേ കമ്പനിയുടെ മറ്റൊരു ബോട്ട് ട്രാന്‍സ്‌പോര്‍ട്ട് കാനഡ പിടിച്ചെടുത്തു. ‘ടോപ്പ് വന്‍കൂവര്‍ ഫിഷിങ് ചാര്‍ട്ടര്‍’ എന്ന കമ്പനിയുടെ 11 മീറ്റര്‍ നീളമുള്ള ബോട്ടാണ് സുരക്ഷാ വീഴ്ചകളെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ലഹേ യിന്‍ (Lihe Yin) എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്.

വിനോദയാത്രകള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട ബോട്ട്, നിയമവിരുദ്ധമായി വാണിജ്യ ആവശ്യങ്ങള്‍ക്കായി യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തി എന്നതുള്‍പ്പെടെയുള്ള ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ബോട്ടിന്റെ രജിസ്‌ട്രേഷനിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 28-നാണ് കമ്പനിയുടെ ‘ടോപ്പ് ഓഷ്യന്‍’ എന്ന ഒന്‍പത് മീറ്റര്‍ നീളമുള്ള മറ്റൊരു ബോട്ട് വന്‍കൂവറിന് സമീപമുള്ള സ്‌ട്രെയിറ്റ് ഓഫ് ജോര്‍ജിയയില്‍ മുങ്ങിയത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 10 യാത്രക്കാരില്‍ ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും അതിലൊരാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കാണാതായ ആറ് പേര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവര്‍ മുങ്ങിമരിച്ചതായാണ് നിഗമനം.

ബോട്ടപകടത്തിന് പിന്നില്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണോ എന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) അന്വേഷിച്ചുവരികയാണ്. കപ്പലിന്റെ മുന്‍കാല സര്‍വീസുകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട് കടലില്‍ കാണാതായവരില്‍ ബോട്ടിന്റെ ക്യാപ്റ്റനായ ഇരുപത്തിരണ്ടുകാരന്‍ ചെന്‍ മിങും ഉള്‍പ്പെടുന്നു. ചെന്‍ മിങിന് ബോട്ട് ഓടിക്കുന്നതിനുള്ള കൃത്യമായ ലൈസന്‍സ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അദ്ദേഹത്തിന്റെ മാതാവ് ആഷ്ലി ലിന്‍ പറഞ്ഞു.

അപകടത്തില്‍പ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ബോട്ടിന്റെ സൈഡ് ഡോറിന് തകരാറുള്ളതായി ചെന്‍ മിങ് പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഈ വാതില്‍ തനിയെ തുറക്കുകയും ബോട്ടിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹെയ്ലി ലീയും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!