Monday, July 13, 2026

ബാങ്കോക്കിലെ ബാറില്‍ തീപിടിത്തം; 27 മരണം, എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ പ്രശസ്തമായ ചതുചക് ജില്ലയിലെ ബാറിലുണ്ടായ ദാരുണമായ തീപിടിത്തത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അഗ്നിശമന സേന സംഭവസ്ഥലത്ത് എത്തുമ്പോള്‍, ബാറിന്റെ മുന്‍വാതിലിലൂടെ ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. ബാറിനുള്ളിലെ സ്റ്റേജിന് സമീപത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

പ്രാദേശിക സമയം രാത്രി 11:30 ഓടെ ആ വഴി കടന്നുപോയ ഒരു ഡ്രൈവറാണ് ബാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് അദ്ദേഹം വാഹനം നിര്‍ത്തി, ബാറിന്റെ ജനലുകള്‍ തല്ലിത്തകര്‍ത്ത് അകത്തുണ്ടായിരുന്ന രണ്ട് പേരെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയതായി പ്രാദേശിക വാര്‍ത്താ മാധ്യമമായ ‘ഡെയ്‌ലി ന്യൂസിനോട്’ പറഞ്ഞു. ഇതിനുശേഷമാണ് അര്‍ധരാത്രിയോടെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്ന് തായ് പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ അറിയിച്ചു. തീപിടിത്തം ഉണ്ടാകുമ്പോള്‍ ബാറില്‍ പ്രകടനം നടത്തിയിരുന്ന ഒരു സംഗീതജ്ഞനുമായി സംസാരിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അരമണിക്കൂറിനുള്ളില്‍ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞെങ്കിലും, ഒമ്പത് പുരുഷന്മാരും 18 സ്ത്രീകളും ഉള്‍പ്പെടെ 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നിലവില്‍ 60-ലധികം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരകളില്‍ ഭൂരിഭാഗവും തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ബാങ്കോക്ക് ദുരന്ത നിവാരണ വകുപ്പ് ഡയറക്ടര്‍ സുരിയാചായി രവിവാന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയോടെ, അപകടം നടന്ന ‘റോങ് ബിയര്‍ നാ ലാറ്റ് പ്രാവോ’ എന്ന ബാര്‍ പൊലീസ് പൂര്‍ണമായും വളയുകയും പ്രവേശന കവാടം അടയ്ക്കുകയും ചെയ്തു. തകര്‍ന്ന ജനലുകളും ഫര്‍ണിച്ചറുകളും ബാറിന് പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കരിഞ്ഞ മണം ഇപ്പോഴും പ്രദേശത്ത് തങ്ങിനില്‍ക്കുന്നുണ്ട്. തീ അണച്ചതിന് ശേഷം പുറത്തെടുത്ത നിരവധി മൃതദേഹങ്ങള്‍ ബാഗുകളിലാക്കി ബാറിന് പുറത്ത് നിരത്തിവെച്ചിരിക്കുന്ന ചിത്രങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. ബാറിനുള്ളിലെ ഫര്‍ണിച്ചറുകളും ചുവരുകളും മേല്‍ക്കൂരയും പൂര്‍ണമായും കരിപിടിച്ച നിലയിലാണ്. മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയും ചെയ്തിട്ടുണ്ട്.

ബാങ്കോക്ക് ഗവര്‍ണര്‍ ഛാത്ചാര്‍ട്ട് സിത്തിപുന്ത് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ബാറിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന, എളുപ്പത്തില്‍ തീപിടിക്കുന്ന തരത്തിലുള്ള ശബ്ദപ്രതിരോധ അലങ്കാര വസ്തുക്കളാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഈ അലങ്കാരങ്ങള്‍ കത്തിയുണ്ടായ വിഷപ്പുക ശ്വസിച്ച് ഇരകള്‍ പെട്ടെന്നുതന്നെ ബോധരഹിതരായിരിക്കാമെന്നും അതുകൊണ്ടാണ് പലര്‍ക്കും രക്ഷപ്പെടാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!