ഹാനോയ്: വിയറ്റ്‌നാമിലെ ഫൂ ക്വോക്ക് ദ്വീപില്‍ ബോട്ട് മറിഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മരണപ്പെട്ട സംഭവത്തില്‍ ബോട്ടിന്റെ ക്യാപ്റ്റന്‍ അറസ്റ്റില്‍. 57കാരനായ ക്യാപ്റ്റനെ ആന്‍ ഗിയാങ് പ്രവിശ്യയിലെ പൊലീസാണ് അറസ്റ്റ് ചെയ്തത്. ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് ഗുരുതരമായ നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അതേസമയം, അതീവ മോശം കാലാവസ്ഥയാണ് ബോട്ട് അപകടത്തില്‍പെടാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംഭവസമയം കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും കടലില്‍ ശക്തമായ തിരമാലകള്‍ ഉണ്ടായതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാവികരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടക്കുന്ന സമയത്ത് മറ്റ് വിനോദസഞ്ചാര ബോട്ടുകളും കടലില്‍ ഉണ്ടായിരുന്നു.
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ വിഎന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തലകീഴായി മറിഞ്ഞ ബോട്ടിന്റെ അടിഭാഗത്ത് പന്ത്രണ്ടോളം ആളുകള്‍ ജീവനായി പിടിച്ചുകിടക്കുന്നത് കണ്ടതായും ലൈഫ് ജാക്കറ്റ് ധരിക്കാത്തതിനാല്‍ പലരും കടലില്‍ ഒഴുകിനടക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. ഇവര്‍ക്ക് ലൈഫ്‌ബോയും കയറും ഇട്ട് നല്‍കിയാണ് മറ്റ് ബോട്ടുകളിലേക്ക് വലിച്ചുകയറ്റിയത്. അപകടത്തില്‍പെട്ടവരെ വേഗത്തില്‍ തീരത്തേക്ക് എത്തിക്കാനായി ജെറ്റ് സ്‌കീകളുടെ സഹായവും ലഭിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30 ഓടെ ആണ് 32 ഇന്ത്യന്‍ വിനോദസഞ്ചാരികളടക്കം 36 പേരുമായി പോയ സ്പീഡ് ബോട്ട് വന്‍ ദുരന്തത്തില്‍പെട്ടത്. തെക്കന്‍ ഫൂ ക്വോക്ക് ദ്വീപിലെ ഹോണ്‍ മേയ് റുട്ട് എന്‍ഗോയ് ദ്വീപില്‍നിന്ന് ആന്‍ തോയ് പോര്‍ട്ടിലേക്ക് യാത്ര പുറപ്പെട്ട് മിനിറ്റുകള്‍ക്കകമാണ് ബോട്ട് മറിഞ്ഞത്. അപകടത്തില്‍ മരിച്ച 15 ഇന്ത്യക്കാരില്‍ രണ്ടുപേര്‍ കേരളത്തില്‍ നിന്നുള്ളവരും (കൊട്ടാരക്കര സ്വദേശികള്‍) മൂന്നുപേര്‍ ആന്ധ്രാ പ്രദേശില്‍ നിന്നും 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരുമാണ്.
മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നിലവില്‍ ഹോ ചി മിന്‍ സിറ്റിയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും ഹാനോയിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 17 ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ 16 പേരും ഇതിനോടകം ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ഫൂ ക്വോക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും എംബസി വ്യക്തമാക്കി.
