Monday, July 13, 2026

വിയറ്റ്നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനഞ്ച് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരടക്കം അപകടത്തില്‍ മരിച്ചവരുടെ ഭൗതികശരീരങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് വൈകിട്ട് ആറ് മണിക്ക് വിയറ്റ്‌നാമില്‍ നിന്ന് പുറപ്പെടും. രാത്രി 9.35-ഓടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് വിവരം. വിയറ്റ്‌നാം എയര്‍ലൈന്‍സിന്റെ VN 979 വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത്.

മുംബൈയില്‍ എത്തിക്കുന്ന ഭൗതികശരീരങ്ങള്‍ നോര്‍ക്കയുടെ (NORKA) നേതൃത്വത്തിലാണ് തുടര്‍ന്ന് കേരളത്തിലേക്ക് എത്തിക്കുക. മുംബൈയില്‍ നിന്ന് ജന്മനാടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വിവരങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു മെഡിക്കല്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത വിനോദയാത്രയില്‍ പങ്കെടുക്കാനായാണ് കൊട്ടാരക്കര സ്വദേശിയായ എ.സി തോമസും ഭാര്യ ലൗനിയും ജൂലൈ ഏഴാം തീയതി നാട്ടില്‍ നിന്ന് പുറപ്പെട്ടത്. ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈയിലെത്തിയ ഇരുവരും അവിടെ നിന്നാണ് വിമാനത്തില്‍ വിയറ്റ്‌നാമിലേക്ക് പോയത്. വിയറ്റ്‌നാമില്‍ എത്തിയ ശേഷവും ഇവര്‍ കുടുംബാംഗങ്ങളുമായി നിരന്തരം ഫോണിലും സന്ദേശങ്ങള്‍ വഴിയും ബന്ധപ്പെട്ടിരുന്നു.

ദുരന്തം നടക്കുന്നതിന് തൊട്ടുമുന്‍പ്, ബോട്ട് യാത്രയുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് എ.സി തോമസ് കുടുംബാംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശമാണ് ഇവരുടേതായി അവസാനമായി ലഭിച്ചത്. ഈ സന്ദേശം വന്ന് നിമിഷങ്ങള്‍ക്കകമാണ് നാടിനെ നടുക്കിയ ദാരുണമായ അപകട വാര്‍ത്ത പുറത്തുവരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!