ഹാമില്ടണ്: വെസ്റ്റ് ഹാമില്‍ട്ടണിലുള്ള ഗാര്‍ണര്‍ റോഡ മലിനജല പൈപ്പ്ലൈന് അറ്റകുറ്റപ്പണികള്‍ക്കായി തിങ്കളാഴ്ച മുതല്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായി അടച്ചിടും. റോഡ് പൂര്‍ണ്ണമായി വെട്ടിപ്പൊളിക്കാതെ ഈ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ലെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 13 മുതല്‍ ആരംഭിക്കുന്ന ഈ നിയന്ത്രണം സൗത്ത്കോട്ട് റോഡിനും ഗ്ലാന്കാസ്റ്റര് റോഡിനും ഇടയിലുള്ള ഗാര്‍ണര്‍ റോഡ് ഭാഗത്തെയാണ് ബാധിക്കുക.
സ്പ്രിങ്ബ്രൂക്ക് അവന്യൂവിനും 850 ഗാര്‍ണര്‍ റോഡ് ഈസ്റ്റിനും ഇടയില്‍ ഒരു വാഹനത്തെയും കടത്തിവിടില്ല. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സെപ്റ്റംബര്‍ നാലോടെ റോഡ് വീണ്ടും തുറന്നുനല്‍കാന്‍ സാധിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. 2025-ല്‍ ഇവിടെ നടന്ന മുന്‍ പദ്ധതിയുടെ അവസാന ഘട്ടത്തില്‍ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഭൂഗര്‍ഭ മലിനജല പൈപ്പ് താഴ്ന്നുപോയിരുന്നു. റോഡിനടിയില്‍ ഒന്‍പത് മീറ്ററോളം ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയാല്‍ മാത്രമേ ഈ തകരാര്‍ പരിഹരിക്കാന്‍ സാധിക്കൂ.

ആദ്യം റോഡ് അടച്ചിടാതെ ടണലിങ് രീതിയിലൂടെ പണി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, എന്‍ജിനീയറിങ് പരിശോധനയില്‍ അത് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓപ്പണ്‍-കട്ട് (റോഡ് വെട്ടിപ്പൊളിച്ചുള്ള) രീതി തിരഞ്ഞെടുക്കേണ്ടി വന്നത്. ദീര്‍ഘനാളായി തുടരുന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ബിസിനസുകളെയും റെസ്റ്റോറന്റുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണ സമയത്ത് ഇവിടുത്തെ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും, യാത്രക്കാര്‍ക്കായി സൗത്ത്കോട്ട് റോഡ്, ബുക്ക് റോഡ്, ഗ്ലാന്കാസ്റ്റര് റോഡ് വഴി തിരിച്ചുവിട്ട ഡീറ്റൂര് (detour) റൂട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം ഹാമില്ട്ടണ് സ്ട്രീറ്റ് റെയില്‍വേ ബസുകളും റൂട്ട് മാറിയായിരിക്കും സര്‍വീസ് നടത്തുക. എന്നാല്‍ അടിയന്തര വാഹനങ്ങള്‍ക്കുള്ള സൗകര്യവും പതിവ് മാലിന്യ ശേഖരണവും തടസ്സമില്ലാതെ തുടരും. ഈ വേനല്‍ക്കാലത്ത് ഹാമില്‍ട്ടണില്‍ നടക്കുന്ന നിരവധി പ്രധാന റോഡ് പദ്ധതികളില്‍ ഒന്നാണിത്. ഇതിന് പുറമെ വിക്ടോറിയ അവന്യൂ നോര്‍ത്തിനും കെനില്‍വര്‍ത്ത് അവന്യൂ നോര്‍ത്തിനും ഇടയിലുള്ള ബാര്‍ട്ടണ്‍ സ്ട്രീറ്റ് ഈസ്റ്റിലും തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ അവസാനം വരെ റോഡ് പുനരുദ്ധാരണ ജോലികള്‍ നടക്കും. ഒളിമ്പിക് ഡ്രൈവിലെ ലെയ്ന്‍ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് അവസാനം വരെ തുടരുമെന്നും, നിര്‍മ്മാണ മേഖലകളില്‍ വാഹനങ്ങള്‍ വേഗത കുറച്ച് ശ്രദ്ധയോടെ ഓടിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
