ഓട്ടവ: ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം (Gordie Howe International Bridge) തുറന്നുനല്‍കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഉണ്ടാക്കിയ കരാറിനെ ന്യായീകരിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവെക്കുന്ന ലാഭം വളരെ കുറവായിരിക്കുമെന്നും കാനഡയ്ക്ക് ഇതൊരു മികച്ച കരാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലം നിര്‍മ്മാണത്തിനായി കാനഡ മുടക്കിയ തുക തിരിച്ചുപിടിച്ചതിന് ശേഷമുള്ള തുക മാത്രമേ പങ്കുവെക്കുകയുള്ളൂ എന്ന് കാര്‍ണി വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ പങ്കുവെക്കാന്‍ മാത്രമുള്ള വലിയൊരു തുക ലാഭമായി അവശേഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശനങ്ങളെയും ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങളെയും തുടര്‍ന്നാണ് ജൂലൈ 27-ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. കാനഡയിലെ വിന്‍ഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഈ പാലം ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിവ്യാപാരം കൂടുതല്‍ സുഗമമാക്കും.

പുതിയ കരാര്‍ പ്രകാരം ആദ്യത്തെ 15 വര്‍ഷം ടോള്‍ ലാഭത്തിന്റെ 50 ശതമാനം കാനഡയ്ക്ക് ലഭിക്കും. ബാക്കി 50 ശതമാനം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വികസന ഫണ്ടിലേക്ക് പോകും. എന്നാല്‍ 2012-ലെ ആദ്യ കരാര്‍ പ്രകാരം 6.4 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവ് കാനഡ പൂര്‍ണ്ണമായി തിരിച്ചുപിടിക്കുന്നത് വരെ ടോള്‍ വരുമാനത്തിന്റെ 100 ശതമാനവും കാനഡയ്ക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ വരുത്തിയ മാറ്റങ്ങള്‍ ട്രംപ് ഭരണകൂടത്തിന് മുന്നില്‍ കാനഡ വഴങ്ങിയതിന്റെ തെളിവാണ് എന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പുതിയ വികസന ഫണ്ടിലെ തുക അമേരിക്കന്‍ മേഖലയില്‍ തന്നെ നിക്ഷേപിക്കുന്നത് വഴി പാലത്തിലൂടെയുള്ള ഗതാഗതവും കാനഡയുടെ സാമ്പത്തിക വളര്‍ച്ചയും വര്‍ധിക്കുമെന്നാണ് കാര്‍ണിയുടെ വാദം.
