Monday, July 13, 2026

‘ജുറാസിക് പാര്‍ക്കി’ലെ ഡോ. അലന്‍ ഗ്രാന്‍ഡ്; നടന്‍ സാം നീല്‍ അന്തരിച്ചു

‘ജുറാസിക് പാര്‍ക്ക്’ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളുടെ പ്രിയങ്കരനായി മാറിയ പ്രശസ്ത ഹോളിവുഡ് താരം സര്‍ സാം നീല്‍ (78) അന്തരിച്ചു. സിഡ്‌നിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അര്‍ബുദ രോഗത്തെ അതിജീവിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തുടരുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. സാം നീല്‍ കാന്‍സര്‍ വിമുക്തനായി തുടരുന്നതിനിടയിലാണ് ഈ വിയോഗം എന്നതുമാത്രമാണ് തങ്ങള്‍ക്ക് ആശ്വാസമെന്നും കുടുംബം വ്യക്തമാക്കി.

2023-ല്‍ തനിക്ക് സ്റ്റേജ് ത്രീ ആന്‍ജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെല്‍ ലിംഫോമ (രക്താര്‍ബുദം) സ്ഥിരീകരിച്ച വിവരം സാം നീല്‍ തന്നെയാണ് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട തീവ്രമായ ചികിത്സകള്‍ക്കും കീമോതെറാപ്പികള്‍ക്കും അദ്ദേഹം വിധേയനായിരുന്നു. പുതിയൊരു പരീക്ഷണ ചികിത്സയിലൂടെ താന്‍ അര്‍ബുദത്തെ പൂര്‍ണ്ണമായി തോല്‍പ്പിച്ച് രോഗമുക്തനായ വിവരം കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഹാരിസണ്‍ ഫോര്‍ഡിന് പകരം സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ‘ജുറാസിക് പാര്‍ക്ക്’ സിനിമയിലേക്ക് തെരഞ്ഞെടുത്തതോടെയാണ് സാം നീലിന്റെ കരിയര്‍ മാറിമറിഞ്ഞത്. ചിത്രത്തിലെ ഡോ. അലന്‍ ഗ്രാന്‍ഡ് എന്ന പാലിയന്റോളജിസ്റ്റ് കഥാപാത്രം അദ്ദേഹത്തെ ആഗോളതലത്തില്‍ പ്രശസ്തനാക്കി. ‘ജുറാസിക് പാര്‍ക്ക് 3’, ‘ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍’ എന്നീ ചിത്രങ്ങളിലും അദ്ദേഹം ഈ വേഷം ആവര്‍ത്തിച്ചു. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ദി പിയാനോ’, ‘ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഡൊണാള്‍ഡ് പെട്രി സംവിധാനം ചെയ്ത ‘ദ് ലാസ്റ്റ് റിസോര്‍ട്ട്’ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും സാം നീല്‍ സജീവ സാന്നിധ്യമായിരുന്നു. സൂപ്പര്‍ഹിറ്റ് വെബ് സീരീസായ ‘പീക്കി ബ്ലൈന്‍ഡേഴ്‌സി’ലെ മേജര്‍ ചെസ്റ്റെര്‍ കാംപെല്‍ എന്ന വില്ലന്‍ വേഷം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് നാമിനേഷനുകളും രണ്ട് എമ്മി നാമിനേഷനുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍, ന്യൂസിലന്‍ഡ് പ്രധാനമന്ത്രിമാരുള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!