Monday, July 13, 2026

ടൊറന്റോയിലും തെക്കന്‍ ഒന്റാരിയോയിലും ചൂട് കൂടും; വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്

ടൊറന്റോ: ടൊറന്റോ നഗരത്തിലും തെക്കന്‍ ഒന്റാരിയോയിലും വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും, ഈര്‍പ്പം കലര്‍ന്ന ചൂട് (Humidex) 45 വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ എന്‍വയോണ്‍മെന്റ് കാനഡ പ്രദേശത്ത് യെല്ലോ ഹീറ്റ് വാണിങ് പുറപ്പെടുവിച്ചു.

തിങ്കളാഴ്ച ആരംഭിക്കുന്ന ഈ ഉഷ്ണതരംഗം ബുധന്‍ അല്ലെങ്കില്‍ വ്യാഴം വൈകുന്നേരം വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരിക്കും ചൂട് അതിന്റെ പരമാവധിയില്‍ എത്തുകയെന്നും ചില പ്രദേശങ്ങളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഉഷ്ണതരംഗം നിലനില്‍ക്കുന്ന ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പോലും താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് കുറയാന്‍ സാധ്യതയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചര്‍മ്മം ചുവന്നു തടിക്കുക, തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയാണ് ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍. വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക, ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങളും തൊപ്പിയും ധരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് പ്രധാന മുന്‍കരുതലുകള്‍. രണ്ടാഴ്ച മുന്‍പ് ഉണ്ടായ ഉഷ്ണതരംഗത്തില്‍ 39 പേരെ ചൂട് സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

അടിയന്തര സാഹചര്യം നേരിടുന്നതിനായി ടൊറന്റോ നഗരസഭ പ്രത്യേക ചൂട് പ്രതിരോധ സംവിധാനങ്ങള്‍ (Heat Relief Strategy) സജ്ജമാക്കിയിട്ടുണ്ട്. നേഥന്‍ ഫിലിപ്‌സ് സ്‌ക്വയര്‍, മെല്‍ ലാസ്റ്റ്മാന്‍ സ്‌ക്വയര്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കുടിവെള്ള വിതരണത്തിനായി മൊബൈല്‍ വാട്ടര്‍ ട്രെയിലറുകള്‍ സ്ഥാപിക്കും. കമ്മ്യൂണിറ്റി സെന്ററുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമെന്നും 170ലധികം സ്പ്ലാഷ് പാഡുകളും 57 ഔട്ട്‌ഡോര്‍ പൂളുകളും പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!