ഓട്ടവ: യുഎസിലേക്കുള്ള യാത്രകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾക്കിടയിലും അമേരിക്ക സന്ദർശിക്കുന്ന കനേഡിയൻ യാത്രികരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ജൂൺ മാസത്തിൽ യുഎസിൽ നിന്ന് തിരിച്ചെത്തിയ കനേഡിയൻ യാത്രികരുടെ എണ്ണത്തിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.2 ശതമാനം വർധനവുണ്ടായി. ഏപ്രിലിൽ 1.4 ശതമാനവും മേയിൽ 9.5 ശതമാനവും വർധന രേഖപ്പെടുത്തിയതിന് പിന്നാലെ തുടർച്ചയായ മൂന്നാം മാസമാണ് യാത്രികരുടെ എണ്ണത്തിൽ ഉയർച്ചയുണ്ടാകുന്നത്.
റോഡ് മാർഗമുള്ള യാത്രകളാണ് ഈ വർധനവിന് പ്രധാന കാരണം. കാറിൽ അതിർത്തി കടന്ന് യുഎസിലെത്തി മടങ്ങിയ കനേഡിയൻ യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 5.2 ശതമാനം വർധനവുണ്ടായി. എന്നാൽ വിമാനമാർഗം യുഎസിൽ പോയി തിരിച്ചെത്തിയവരുടെ എണ്ണത്തിൽ 3.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ശക്തമാകുന്നതിന് മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ കനേഡിയൻ യാത്രികരുടെ എണ്ണത്തിൽ ഇപ്പോഴും 28.7 ശതമാനത്തിന്റെ കുറവുണ്ടെന്ന് അധികൃതർ അറിയിച്ചു.
യുഎസ് ടൂറിസം മേഖലയുടെ പ്രചാരണ പരിപാടികൾ, കനേഡിയൻ യാത്രികർക്കായി പ്രഖ്യാപിച്ച പ്രത്യേക ഇളവുകൾ, ഫിഫ ലോകകപ്പ് മത്സരങ്ങൾ എന്നിവ റോഡ് യാത്രകളുടെ വർധനവിന് കാരണമായതായി ടൂറിസം വിദഗ്ധർ വിലയിരുത്തുന്നു.

എന്നാൽ ദുർബലമായ കനേഡിയൻ ഡോളർ, ഉയർന്ന യാത്രാ ചെലവ്, മാറിയ യാത്രാ ശീലങ്ങൾ എന്നിവ ഇപ്പോഴും ടൂറിസം മേഖലയ്ക്ക് വെല്ലുവിളിയാണെന്ന് ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം റിസർച്ചിലെ ഡയറക്ടർ വെയ്ൻ സ്മിത്ത് പറഞ്ഞു.കാർ മാർഗമുള്ള ഹ്രസ്വകാല യാത്രകളുടെ വർധന യുഎസ് ടൂറിസം മേഖലയ്ക്ക് വലിയ സാമ്പത്തിക നേട്ടം നൽകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
