ഓട്ടവ: കാനഡയിലെ വിൻഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ അന്താരാഷ്ട്ര പാലം സംബന്ധിച്ച പുതിയ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് രംഗത്തെത്തി. പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിലാണ് കരാറിന്റെ പൂർണരൂപം പരസ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
ജൂലൈ 27-ന് പാലം തുറക്കുമെന്ന് കാനഡയുടെ ഹൗസിംഗ്, കമ്മ്യൂണിറ്റീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ ആവശ്യം ഉയർന്നത്. കരാറുമായി ബന്ധപ്പെട്ട് സർക്കാർ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നൽകുന്നതെന്നും, അമേരിക്കയുമായുള്ള പുതിയ ധാരണയിൽ കാനഡ എന്തെല്ലാം വ്യവസ്ഥകൾ അംഗീകരിച്ചുവെന്ന് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്നും പിയേർ പൊളിയേവ് പറഞ്ഞു.
കരാറിലെ ടോൾ വരുമാനത്തിന്റെ പങ്കുവെക്കൽ സംബന്ധിച്ചാണ് പ്രധാനമായും വിവാദം ഉയർന്നിരിക്കുന്നത്. ആദ്യ 15 വർഷത്തെ ടോൾ ലാഭത്തിന്റെ പകുതി സാമ്പത്തിക വികസന ഫണ്ടിലേക്ക് മാറ്റിവയ്ക്കുമെന്നും ടോൾ നിരക്കുകളിൽ മാറ്റം വരുത്താൻ അമേരിക്കയുടെ അനുമതി ആവശ്യമായി വരുമെന്നും സർക്കാർ വൃത്തങ്ങൾ ആദ്യം സൂചിപ്പിച്ചിരുന്നു.
എന്നാൽ പാലത്തിന്റെ നിർമ്മാണച്ചെലവും കടബാധ്യതകളും തീർത്ത ശേഷമേ വരുമാനം പങ്കിടുകയുള്ളൂവെന്നും ആദ്യ വർഷങ്ങളിൽ പങ്കിടാൻ ഗണ്യമായ വരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പിന്നീട് വിശദീകരിച്ചു. അതേസമയം, പ്രധാനമന്ത്രി “നെറ്റ് റെവന്യൂ” (Net Revenue) എന്ന പദവും ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഗ്രെഗർ റോബർട്ട്സൺ “നെറ്റ് പ്രോഫിറ്റ്” (Net Profit) എന്ന പദവും ഉപയോഗിച്ചതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

2012-ൽ ഒപ്പുവെച്ച യഥാർഥ കരാർ പ്രകാരം ഏകദേശം 6.4 ബില്യൺ ഡോളറിന്റെ നിർമ്മാണച്ചെലവ് കാനഡയാണ് വഹിച്ചത്. ആ കരാറനുസരിച്ച് മുടക്കുമുതൽ തിരിച്ചുകിട്ടുന്നതുവരെ ടോൾ വരുമാനത്തിന്റെ 100 ശതമാനവും കാനഡയ്ക്ക് ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ.
പുതിയ കരാറിന്റെ നിയമപരവും ഭരണപരവുമായ നടപടികൾ പൂർത്തിയായതിന് ശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ പരസ്യമാക്കാത്തത് സുതാര്യതയുടെ അഭാവമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
