ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍, എക്സ്ചേഞ്ച് പ്രോഗ്രാം വഴിയെത്തുന്ന സന്ദര്‍ശകര്‍, വിദേശ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ യുഎസ് വീസ കാലാവധി വെട്ടിച്ചുരുക്കിക്കൊണ്ട് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റ് പുതിയ ഉത്തരവിറക്കി. ദശാബ്ദങ്ങളായി നിലനിന്നിരുന്ന ‘ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്’ (Duration of Status) എന്ന വ്യവസ്ഥ പൂര്‍ണ്ണമായും നിര്‍ത്തലാക്കിക്കൊണ്ടാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നിയന്ത്രണം. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും പ്രൊഫഷണലുകളുടെയും ഉപരിപഠന, തൊഴില്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ കനത്ത അനിശ്ചിതത്വമാണ് നിഴലിക്കുന്നത്.
പുതിയ ഭേദഗതി അനുസരിച്ച് വിദ്യാര്‍ഥി (F-1), എക്സ്ചേഞ്ച് വിസിറ്റര്‍ (J-1) വീസകളില്‍ എത്തുന്നവര്‍ക്ക് യുഎസില്‍ തുടരാവുന്ന പരമാവധി കാലാവധി ഒരു സമയം 4 വര്‍ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനുമുമ്പ്, കോഴ്സ് പൂര്‍ത്തിയാകുന്നത് വരെ എത്ര വര്‍ഷം വേണമെങ്കിലും യുഎസില്‍ നിയമപരമായി തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമായിരുന്നു. കോഴ്സ് പൂര്‍ത്തിയാക്കാന്‍ 4 വര്‍ഷത്തില്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്ന റിസര്‍ച്ച്, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ ഇനി മുതല്‍ യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന് (USCIS) പ്രത്യേക അപേക്ഷ നല്കി വീസ കാലാവധി നീട്ടിയെടുക്കേണ്ടി വരും.

പഠനകാലാവധി കഴിഞ്ഞാല്‍ രാജ്യം വിടുന്നതിനോ മറ്റേതെങ്കിലും വീസയിലേക്ക് മാറുന്നതിനോ നല്‍കിയിരുന്ന ഇളവ് സമയവും (Grace Period) പകുതിയായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. മുന്‍പ് കോഴ്സ് കഴിഞ്ഞ് 60 ദിവസം വരെ യുഎസില്‍ തങ്ങാമായിരുന്നത് ഇനി മുതല്‍ 30 ദിവസമായിരിക്കും. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ശേഷം ഉപരിപഠന സാധ്യതകള്‍ കണ്ടെത്താനോ ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (OPT) വഴി ജോലിയില്‍ പ്രവേശിക്കാനോ ലഭിച്ചിരുന്ന സമയമാണ് ഇല്ലാതാകുന്നത്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഐ (I) വീസയുടെ കാലാവധി 240 ദിവസമായി നിജപ്പെടുത്തിയപ്പോള്‍ ചൈനീസ് പൗരന്മാര്ക്ക് ഇത് 90 ദിവസമായി ചുരുക്കിയിട്ടുണ്ട്. കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും നിരീക്ഷണം ശക്തമാക്കാനുമാണ് ഈ നടപടിയെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം.
സെപ്റ്റംബര്‍ 15 മുതലാണ് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരികയെങ്കിലും നിലവില്‍ യുഎസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെയും പുതിയ നിയമം ബാധിക്കുമെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ 30 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരെയാണ് ഈ കടുത്ത നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. മാറിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഉപരിപഠനം ലക്ഷ്യമിടുന്ന പല ഇന്ത്യന്‍ വിദ്യാര്‍ഥികളും മറ്റ് വിദേശ രാജ്യങ്ങളിലെ സാധ്യതകള്‍ തേടാന്‍ നിര്‍ബന്ധിതരാകും.
