ഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ പുറത്തിറങ്ങിയ ചില വാഹനങ്ങളിൽ ഇന്ധന സംവിധാനവുമായി ബന്ധപ്പെട്ട റബ്ബർ ഘടകങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ട സാഹചര്യമുണ്ടാകാമെന്ന് ഗഡ്കരി വ്യക്തമാക്കി.
രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി എൻജിനിൽ മാറ്റം വരുത്തണമെന്ന നിർദേശം പഠനങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (എസ്ഐഎഎം), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) എന്നിവ ചേർന്നാണ് ഇക്കാര്യത്തിൽ പഠനം നടത്തിയതെന്ന് ഗഡ്കരി വ്യക്തമാക്കി.

ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ മൈലേജിൽ കാര്യമായ നഷ്ടമോ എൻജിൻ പവറിൽ കുറവോ ഉണ്ടാകില്ലെന്നാണ് പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.എന്നാൽ പഴയ മോഡൽ വാഹനങ്ങളിൽ ഇന്ധന സംവിധാനത്തിലെ ചില റബ്ബർ പാർട്സുകൾക്കും സീലിങ് ഘടകങ്ങൾക്കും ഇ20 ഇന്ധനവുമായി പൊരുത്തപ്പെടാൻ മാറ്റങ്ങൾ ആവശ്യമായി വരാമെന്നും ഗഡ്കരി വ്യക്തമാക്കി.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ ഇ20 ഇന്ധനം രാജ്യത്ത് വ്യാപകമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. ഇ20 പെട്രോളിന്റെ ഉപയോഗത്തെക്കുറിച്ച് വാഹന ഉടമകൾക്കിടയിൽ ഉയർന്ന ആശങ്കകൾക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.
