കൊച്ചി: സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ അനുവദിച്ചു. പൊലീസ് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല നടപടി. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
പൊലീസ് അസോസിയേഷന്റെ നിലവിലെ അംഗത്വ ഘടനയിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന സംഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
47 വർഷമായി പ്രവർത്തിക്കുന്ന കേരള പൊലീസ് അസോസിയേഷന്റെ ഘടനയിൽ മാറ്റം വരുത്താനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. സായുധ സേനാംഗങ്ങളുടെ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താൻ നിയമപരമായ നടപടികൾ ആവശ്യമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിന് താൽക്കാലിക സ്റ്റേ അനുവദിച്ചത്.

കഴിഞ്ഞ 27നാണ് കേരള പൊലീസ് അസോസിയേഷന്റെ അംഗത്വ ഘടന പുനഃക്രമീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ പൊലീസ് സംഘടനകളുടെ നിലവിലെ ഭരണസമിതികൾ പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റികളെ നിയോഗിക്കാൻ ഡിജിപി നടപടി സ്വീകരിച്ചിരുന്നു.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നിലവിലെ ഭരണസമിതികളാണ് മാറ്റിയത്. അംഗത്വ നടപടികൾ പൂർത്തിയാക്കുന്നതിനും പുതിയ ഭരണസമിതി രൂപീകരിക്കുന്നതിനുമായി താൽക്കാലിക സമിതികൾക്ക് ചുമതല നൽകിയിരുന്നു.
17 അംഗങ്ങളടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചിരുന്നത്. പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി ആർ അജിത് ഉൾപ്പെടെയുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.ഹൈക്കോടതി ഉത്തരവോടെ പൊലീസ് സംഘടനകളുടെ പുനഃസംഘടനാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
