തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.അടുത്ത 24 മണിക്കൂറിനുള്ളിൽ 115 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ചിലയിടങ്ങളിൽ കാറ്റിന്റെ ശക്തി 60 കിലോമീറ്റർ വരെ എത്താനുമുള്ള സാധ്യതയുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,465 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും ഏഴ് പേർ മരിക്കുകയും ആറുപേരെ കാണാതാകുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരവും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വടകര–മുക്കാളി ദേശീയപാതയിൽ നിർമാണം നടക്കുന്ന ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന സെറ്റ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷകൾ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി തുല്യത പരീക്ഷ എന്നിവ മാറ്റിവെച്ചു.
കാസർകോട്, മലപ്പുറം, വയനാട്, കോട്ടയം, കോഴിക്കോട്, തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധി മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ബാധകമാണ്.
അതേസമയം, മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത് എന്നീ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
