വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണിയും അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടന്‍ പ്രദേശം വിടാന്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മേഖലയിലെ സുരക്ഷാ അന്തരീക്ഷം അങ്ങേയറ്റം സങ്കീര്‍ണ്ണമാണെന്നും, നിലവില്‍ ലഭ്യമായ വാണിജ്യ വിമാന സര്‍വീസുകള്‍ ഉപയോഗിച്ച് എത്രയും വേഗം മടങ്ങാന്‍ തയ്യാറാകണമെന്നും ജറുസലേം, അമ്മാന്‍, ബാഗ്ദാദ് തുടങ്ങിയ വിവിധ യു.എസ്. എംബസികള്‍ നിര്‍ദ്ദേശിച്ചു. വ്യോമാതിര്‍ത്തികള്‍ അടച്ചിടാനും വിമാന സര്‍വീസുകള്‍ അവസാന നിമിഷം റദ്ദാക്കപ്പെടാനും സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കുവൈറ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലുകള്‍ ലക്ഷ്യമിടുകയും ചെയ്തതോടെ സംഘര്‍ഷം ഗള്‍ഫ് മേഖലയിലേക്കും പടരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇറാന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ്. എംബസികള്‍ ഈ ജാഗ്രതാ നിര്‍ദ്ദേശം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് വിദേശ പൗരന്മാര്‍ വസിക്കുന്ന മേഖലയായതിനാല്‍, ഈ മുന്നറിയിപ്പ് ആഗോളതലത്തില്‍ വലിയ ഉത്കണ്ഠയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
