തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാക്കളുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പ്രസ്താവന ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന തന്റെ പരാമർശം തിരുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം നടത്തിയതെന്നും ഇക്കാര്യത്തിൽ കാന്തപുരം വിഭാഗം നേതാക്കളുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ല
നിലവിലെ സാഹചര്യത്തിൽ പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാനാകില്ലെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം സംഘടനാ നേതാക്കൾക്ക് കൈമാറാമെന്നും അദ്ദേഹം അറിയിച്ചു.

വന്ദേമാതരം സംബന്ധിച്ച് സർക്കാർ നിലപാട്
സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നത് പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ പങ്കെടുക്കുന്ന കേന്ദ്ര പരിപാടികളിൽ ഇതുസംബന്ധിച്ച തീരുമാനം കേന്ദ്ര ഏജൻസികളാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പം വിഷയത്തിലും ഉറപ്പ്
മുനമ്പത്ത് നിലവിൽ താമസിക്കുന്ന കൈവശക്കാർക്കൊപ്പമാണ് സർക്കാരെന്നും അവർക്ക് ഭൂമി ലഭ്യമാക്കണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് തുടങ്ങിയ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഔദ്യോഗിക ബോഡികളിൽ കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലിയാണ് കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തത്. പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഹാരി തുടങ്ങിയ പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
