മക്ക: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോണ്‍ സൗദി വ്യോമസേന വെടിവെച്ചിട്ടു. വ്യോമാക്രമണ ഭീഷണി പൂര്‍ണ്ണമായി ഒഴിഞ്ഞെന്നും മക്കയിലെ ഹറം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സൗദി സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് മക്കയില്‍ വ്യോമാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.
ആക്രമണശ്രമത്തെ തുടര്‍ന്ന് നഗരത്തിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇസ്രായേലി മാധ്യമമായ ഹയോം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ മേഖലയിലെ ഭീഷണികള്‍ ഒഴിഞ്ഞതായും പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സൗദി ഡിസിഡി ഔദ്യോഗിക എക്‌സ് (X) ഹാന്‍ഡിലിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സൗദി അറേബ്യക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. സൗദിയിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിന് നേരെ വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. അതേസമയം യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന 58 തവണ തിരിച്ചടി നടത്തിയതായും ഹൂതി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
