ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സബ്വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും മരിച്ചു. ന്യൂജേഴ്സി ഡെയ്റ്റണ്‍ സ്വദേശി മലൈക ചിത്രെ (24), നേപ്പാളി-അമേരിക്കന്‍ വംശജനായ നവം കൗള്‍ (24) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ലോവര്‍ മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനില്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 3:14-ഓടെയായിരുന്നു അപകടം.
ട്രാക്കിലേക്ക് വീണുപോയ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നവം കൗള്‍ ആദ്യം ട്രാക്കിലേക്ക് വീണെന്നും ഇയാളെ രക്ഷിക്കാനായി മലൈക ഇറങ്ങുകയുമായിരുന്നു എന്നും കരുതപ്പെടുന്നു. സമീപത്തേക്ക് വന്ന ട്രെയിനിന് മുന്നില്‍ നിന്ന് മാറാതെ നിന്ന ഇരുവരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഡൗണ്ടൗണ് നമ്പര്‍ 4 ട്രെയിന്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ട്രെയിനിന്റെ മൂന്നും നാലും ബോഗികള്‍ക്കടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു.

റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ സഹപാഠികളായിരുന്നു മലൈകയും നവം കൗളും. മലൈക അക്കാദിയ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റായും നവം ബ്ലൂംബെര്‍ഗില്‍ ഫിനാന്‍ഷ്യല്‍ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ ന്യൂയോര്‍ക്ക് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
