കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം (SIT) മിന്നല്‍ പരിശോധന നടത്തുന്നു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ടര്‍ ചാനലിന്റെ കളമശ്ശേരിയിലെ ആസ്ഥാനത്തും വയനാട്ടിലെ പ്രധാന കേന്ദ്രങ്ങളിലുമാണ് ഒരേസമയം റെയ്ഡ് നടത്തുന്നത്.
എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസ് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലാണ് എസ്ഐടി പരിശോധന പുരോഗമിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ സെര്‍ച്ച് വാറന്റുമായെത്തി ചാനലിന്റെ കളമശ്ശേരി ഓഫിസിലെ പ്രധാന ന്യൂസ് ഡെസ്‌കിലും സ്റ്റുഡിയോയിലും പരിശോധന ആരംഭിക്കുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും വിവരങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം.

ഇതോടൊപ്പം സംഭവത്തിലെ പ്രധാന സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും വയനാട്ടിലെ മറ്റ് ഓഫിസുകളിലും അന്വേഷണ സംഘത്തിന്റെ മറ്റൊരു വിഭാഗം പരിശോധന നടത്തുന്നുണ്ട്. കരാറുകള്‍ പൂര്‍ണ്ണമായും സുതാര്യമായിരുന്നുവെന്നും ആവശ്യമായ എല്ലാ രേഖകളും പക്കലുണ്ടെന്നുമാണ് സ്‌പോണ്‍സര്‍ വ്യക്തമാക്കുന്നതെങ്കിലും തട്ടിപ്പിനായി മുന്‍ സര്‍ക്കാരില്‍ നിന്ന് അനാവശ്യ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്.
