ഒന്റാരിയോയിലെ പ്രധാന ഹൈവേകളിൽ വേഗപരിധി 110 കിലോമീറ്റർ ആയി ഉയർത്തുന്ന പദ്ധതിയുടെ അവസാന ഘട്ടം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പ്രവിശ്യയിലെ നിരവധി പ്രധാന ഹൈവേകളുടെ നിർദ്ദിഷ്ട ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന 100 കിലോമീറ്റർ വേഗപരിധി 110 കിലോമീറ്ററായി മാറി.

ഹൈവേ 403, 404, 406, 407, 412, ക്യൂഇഡബ്ല്യു (QEW) എന്നിവയുടെ വിവിധ ഭാഗങ്ങളിലാണ് പുതിയ വേഗപരിധി ബാധകമാകുന്നത്. യാത്രാ സമയം കുറയ്ക്കാനും ഹൈവേകളിലെ ഗതാഗതപ്രവാഹം കൂടുതൽ കാര്യക്ഷമമാക്കാനും മാറ്റം സഹായിക്കുമെന്നാണ് ഒന്റാറിയോ സർക്കാരിന്റെ നിലപാട്. പുതിയ പരിധി പ്രാബല്യത്തിൽ വരുന്നതനുസരിച്ച് ബന്ധപ്പെട്ട റോഡ് സൈൻബോർഡുകളിലും വേഗപരിധി അടയാളങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അതേസമയം, ഉയർന്ന വേഗപരിധി റോഡ് സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. ഉയർന്ന വേഗതയിൽ അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾക്കും മരണത്തിനുമുള്ള സാധ്യത വർധിക്കാമെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ വേഗപരിധി പാലിക്കുന്നതിനൊപ്പം കാലാവസ്ഥ, റോഡിന്റെ അവസ്ഥ, ഗതാഗതത്തിരക്ക് എന്നിവ പരിഗണിച്ച് സുരക്ഷിതമായ രീതിയിൽ വാഹനമോടിക്കണമെന്ന് അധികൃതർ ഡ്രൈവർമാരോട് നിർദേശിച്ചു.

