Monday, October 26, 2026

PSC പരീക്ഷാ ക്രമക്കേട്: ചെയര്‍മാന്‍ M.R. ബൈജുവിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (PSC) പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസില്‍ പിഎസ്സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വരും ബുധനാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഉടന്‍ നോട്ടീസ് നല്‍കും. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നിന്ന് അന്വേഷണ സംഘത്തിനും അധികൃതര്‍ക്കും നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക നീക്കം.

ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അംഗങ്ങളിലേക്കും ക്രൈംബ്രാഞ്ച് നേരത്തെ തന്നെ വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെയര്‍മാന്‍ എം.ആര്‍. ബൈജു ഉള്‍പ്പെടെയുള്ള 16 പിഎസ്സി അംഗങ്ങളെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണ സംഘത്തിന്റെ ഈ നീക്കത്തില്‍ പി.എസ്.സി അംഗങ്ങള്‍ തങ്ങളുടെ ശക്തമായ അതൃപ്തി അറിയിക്കുകയുണ്ടായി.

എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയുടെ മറവില്‍ സിപിഐഎം സഹയാത്രികനായ ചെയര്‍മാന്‍ എം.ആര്‍. ബൈജു കുറഞ്ഞത് രണ്ട് പ്രധാന നിയമന പ്രക്രിയകളെങ്കിലും അട്ടിമറിച്ചെന്നാണ് പ്രധാന ആരോപണം. ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ എന്നിവയില്‍ പിഎസ്‌സി ചെയര്‍മാന്‍ എന്ന തന്റെ പദവി ദുരുപയോഗം ചെയ്ത് അദ്ദേഹം ഇടപെടല്‍ നടത്തി. ഇതിനായി പരീക്ഷാവിഭാഗം അഡീഷണല്‍ സെക്രട്ടറി ഹരിയെ സ്വാധീനിക്കുകയും, ഉദ്യോഗാര്‍ഥികളുടെ എഴുത്തുപരീക്ഷയിലെ മാര്‍ക്കുകള്‍ മുന്‍കൂട്ടി ചോദിച്ചറിഞ്ഞ ശേഷം ചെയര്‍മാന്‍ നേരിട്ട് ഇന്റര്‍വ്യൂ നടത്തുകയുമായിരുന്നു. പിഎസ്‌സി ബോര്‍ഡ് യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് ഈ അട്ടിമറികള്‍ നടപ്പിലാക്കിയത്.

കൂടാതെ, ഏറെ പ്രാധാന്യമുള്ള കെഎഎസ് (KAS) അഭിമുഖത്തിലും എം.ആര്‍. ബൈജു സമാനമായ രീതിയില്‍ അട്ടിമറിക്ക് ശ്രമിച്ചതായി ആരോപണമുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ദേശീയ തലത്തില്‍ വിദഗ്ധരുടെ പാനല്‍ (Experts Panel) വേണമെന്ന യുപിഎസ്സിയുടെ (UPSC) നിര്‍ദേശം ചെയര്‍മാന്‍ തള്ളിക്കളയുകയായിരുന്നു. അഭിമുഖത്തിനായി നിയോഗിക്കുന്ന വിദഗ്ധ സമിതിയിലേക്ക് തനിക്ക് വേണ്ടപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ അഴിമതികള്‍ പുറത്തുവരുമെന്ന് വ്യക്തമാക്കി ഒന്നര മാസം മുമ്പ് മുഖ്യമന്ത്രിക്ക് കത്ത് ലഭിച്ചിരുന്നെങ്കിലും ഇതില്‍ ഇതുവരെയും യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!