വിക്ടോറിയ : കാനഡയിലേക്ക് കൊക്കെയ്ൻ കടത്തിയതിന് ശിക്ഷിക്കപ്പെട്ട ബ്രിട്ടിഷ് കൊളംബിയ സറേ സ്വദേശി ജയിൽ ശിക്ഷ ഒഴിവാക്കാൻ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി ആർസിഎംപി അറിയിച്ചു. പീസ് ആർച്ച് അതിർത്തിയിലൂടെ 80 കിലോഗ്രാം കൊക്കെയ്ൻ കടത്തിയ ട്രക്ക് ഡ്രൈവർ രാജ് കുമാർ മെഹ്മി (60)യാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
15 വർഷം തടവിന് ശിക്ഷിക്കപ്പെട്ട രാജ് കുമാർ മെഹ്മിയെ അറസ്റ്റ് ചെയ്യുന്നതിന് “റെഡ് നോട്ടീസ്” പുറപ്പെടുവിക്കാൻ കനേഡിയൻ അധികൃതർ ഇന്റർപോളിനോട് ആവശ്യപ്പെട്ടു. മെഹ്മിയുടെ പേരിൽ കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

2017 നവംബറിലാണ് സെമി ട്രെയിലർ ട്രക്കിനുള്ളിൽ കൊക്കെയ്ൻ ഇഷ്ടികക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 3.2 ദശലക്ഷം ഡോളർ മൂല്യമുള്ള മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. കേസിൽ 2023 ജനുവരിയിൽ ശിക്ഷ വിധിക്കാനിരിക്കെ 2022 ഒക്ടോബർ 11-ന് മെഹ്മി വാൻകൂവറിൽ നിന്ന് ന്യൂഡൽഹിയിലേക്ക് കടന്നതായും പിന്നീട് കാനഡയിലേക്ക് മടങ്ങി എത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു. മെഹ്മിയുടെ അസാന്നിധ്യത്തിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് ആറ് വർഷവും മയക്കുമരുന്ന് കള്ളക്കടത്തിൽ ഒമ്പത് വർഷവും സറേ പ്രവിശ്യാ കോടതി കഴിഞ്ഞ മാസം ശിക്ഷ വിധിച്ചിരുന്നു.
മെഹ്മിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ സറേ ആർസിഎംപിയുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
