ഈ വർഷത്തെ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മകരജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർഥിച്ചു.
അന്നദാനത്തിന് പുറമേ ഇത്തവണ ആദ്യമായി ജനുവരി 14, 15 തിയതികളിൽ മൂന്ന് നേരവും ഭക്തർക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തർക്ക് ഇത് പ്രയോജനപ്പെടും. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി.കെ. ശേഖർബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകൾ എത്തും. ഇതോടൊപ്പം, ഇടതടവില്ലാതെ ചുക്കുവെള്ളവും ഭക്തർക്കായി നൽകും.

മകരവിളക്ക് ദിനമായ ജനുവരി 15 പുലർച്ചെ 2.15-ന് നട തുറക്കും. 2.46-ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകിട്ട് 5 മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും.
