ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ 13-ാം ദിവസം ഫെഡറൽ ലിബറലുകൾ കൺസർവേറ്റീവുകളേക്കാൾ 10 പോയിൻ്റ് മുൻതൂക്കം നേടിയതായി പുതിയ സർവേ റിപ്പോർട്ട്. അതേസമയം കനേഡിയൻ പ്രധാനമന്ത്രിപദത്തിലേക്കുള്ള പിന്തുണയിൽ ലിബറൽ ലീഡർ മാർക്ക് കാർണി കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനേക്കാൾ 20 പോയിൻ്റ് ലീഡ് കരസ്ഥമാക്കിയതായും നാനോസ് റിസർച്ചിൻ്റെ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിൽ പറയുന്നു.

ലിബറൽ പാർട്ടി 46% വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുമ്പോൾ പിയേർ പൊളിയേവ് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ള ജനപിന്തുണ 36 ശതമാനമായി കുറഞ്ഞു. ജഗ്മീത് സിങ് നേതൃത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ജനപിന്തുണ ഒമ്പത് ശതമാനമായി തുടരുന്നതായും സർവേ പറയുന്നു. തൊട്ടുപിന്നാലെ ബ്ലോക് കെബക്കോയിസ് (ആറ് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (രണ്ട് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നീ പാർട്ടികൾക്ക് പിന്തുണ ലഭിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. കാനഡക്കാർ ആരാണ് പ്രധാനമന്ത്രിയാകാൻ ഇഷ്ടപ്പെടുന്നതെന്ന കാര്യം വരുമ്പോൾ, 51 ശതമാനം പേർ മാർക്ക് കാർണിയെ തിരഞ്ഞെടുത്തു (ഒരു ശതമാനം വർധിച്ചു). അതേസമയം കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനുള്ള പിന്തുണ രണ്ട് ശതമാനം കുറഞ്ഞ് 31 ശതമാനമായതായി സർവേ സൂചിപ്പിക്കുന്നു. എൻഡിപി ലീഡർ ജഗ്മീത് സിങിനുള്ള പിന്തുണ അഞ്ച് ശതമാനത്തിൽ തുടരുന്നു.

ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സമയത്ത് ലിബറൽ പാർട്ടിക്കുള്ള പിന്തുണ അഞ്ച് ശതമാനമായിരുന്നു. ലിബറൽ ലീഡർ മാർക്ക് കാർണി ട്രംപിൻ്റെ ‘ലിബറേഷൻ ഡേ’ താരിഫ് പ്രഖ്യാപനങ്ങളോട് പ്രതികരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആ പിന്തുണ പത്ത് ശതമാനമായി ഉയർന്നതായി നാനോസ് റിസർച്ച് സിഇഒ നിക്ക് നാനോസ് പറയുന്നു.
