ന്യൂജേഴ്സി: വിവാഹം കഴിക്കാനായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരിയെ കാണാതായി. ജൂണ്‍ 20 ന് ന്യൂജേഴ്സിയില്‍ എത്തിയ സിമ്രാൻ (24) എന്ന യുവതിയെയാണ് കാണാതായത്. ന്യൂജേഴ്സി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനായി ജൂൺ 20നാണ് സിമ്രാൻ അമേരിക്കയിലേക്ക് പോയത്. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സിമ്രാനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.
പൊലീസ് നടത്തിയ പരിശോധനയിൽ അന്നേദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽ സിമ്രാൻ ഫോണുപയോഗിക്കുന്നതും ആരെയോ കാത്തിരിക്കുന്നതുമായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹത്തിന്റെ പേരിൽ അമേരിക്കയിൽ എത്താനുളള ശ്രമമാണോ യുവതി നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. യുവതിക്ക് അമേരിക്കയിൽ ബന്ധുക്കളില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പൊലീസ് പറയുന്നു. വൈ-ഫൈ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കാനാകുന്ന ഒരു ഫോണാണ് സിമ്രാന്റെ കൈയിലുള്ളത്. കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
