ടൊറൻ്റോ : കാനഡയിൽ പൊണ്ണത്തടിയന്മാരായ യുവതി-യുവാക്കളുടെ എണ്ണം വർധിക്കുന്നതായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട്. കോവിഡ് മഹാമാരിക്കാലത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം കഴിഞ്ഞ പത്തു വർഷത്തേക്കാൾ ഏകദേശം എട്ട് ശതമാനം വർധന ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ആ സമയത്ത് ജിമ്മുകൾ, കലാ-കായിക പരിപാടികൾ, സ്കൂളുകൾ, ഓഫീസുകൾ എന്നിവ അടച്ചുപൂട്ടിയത് യുവജനതയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ ഉപയോഗം വർധിച്ചതും അമിതഭക്ഷണ ശീലവും യുവതി-യുവാക്കളെ പൊണ്ണത്തടിയിലേക്ക് നയിച്ചതായി പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഗവേഷകയുമായ ഡോ. മെലനി ഹെൻഡേഴ്സൺ പറയുന്നു. അതേസമയം ജോലിയിലെ സമ്മർദ്ദവും ചിലർക്ക് ശരീരഭാരം വർധിക്കാൻ കാരണമായിട്ടുണ്ട്, അവർ സൂചിപ്പിക്കുന്നു. 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏകദേശം 750,000 ആളുകളുടെ ബോഡി മാസ് ഇൻഡക്സിനെ അടിസ്ഥാനമാക്കി 15 വർഷത്തെ കാലയളവിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് അസോസിയേഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. പൊണ്ണത്തടി രാജ്യം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണെന്നും അത് ഭീതിതമായ നിലയിൽ വളരുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2009 മുതൽ 2020 വരെയുള്ള 11 വർഷങ്ങളിൽ ഏകദേശം എട്ട് ശതമാനം വർധിച്ചപ്പോൾ 2020 നും 2023 നും ഇടയിൽ ഒരു ശതമാനത്തിലധികം വർധനയും രേഖപ്പെടുത്തി. ഇത് കോവിഡ് മഹാമാരിക്ക് മുമ്പുള്ള വർധനയുടെ ഇരട്ടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിക്കാലത്തെ പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ പൊണ്ണത്തടി നിരക്കുകളെ സ്വാധീനിച്ചിരിക്കാമെന്ന് മക്മാസ്റ്റർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ലോറ ആൻഡേഴ്സൺ അറിയിച്ചു. 2020-നും 2023-നും ഇടയിൽ യുവതികൾക്കിടയിലെ പൊണ്ണത്തടി നിരക്കിൽ കുത്തനെ വർധന ഉണ്ടായതായി ലോറ പറയുന്നു. ഏകദേശം 4.7% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണവും പാനീയങ്ങളും ജനങ്ങൾക്കു ലഭ്യമാക്കാൻ ഫെഡറൽ സർക്കാർ ശ്രമിക്കണമെന്ന് ഡോ. മെലനി നിർദ്ദേശിച്ചു. പൊണ്ണത്തടി ചികിത്സിക്കുന്നതിന് ആരോഗ്യ പരിപാലന സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്ന നയങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിന്‍റെ ആദ്യപടിയെന്നും അവർ പറയുന്നു.
