വാഷിംഗ്ടൺ ഡി സി : ന്യൂയോർക്ക് ടൈംസിനെതിരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സമർപ്പിച്ച മാനനഷ്ടക്കേസ് തള്ളി ഫെഡറൽ ജഡ്ജി. സിവിൽ പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള ഫെഡറൽ നിയമങ്ങൾ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഫ്ലോറിഡ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി സ്റ്റീവൻ ഡി. മെറിഡേ കേസ് തള്ളിയത്. ഈ കേസ് ഫെഡറൽ സിവിൽ നടപടിക്രമ നിയമങ്ങളുടെ റൂൾ 8 മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് സ്റ്റീവൻ ഡി. മെറിഡേ പറഞ്ഞു. അതേസമയം കേസ് വീണ്ടും ഫയൽ ചെയ്യാൻ ഡോണൾഡ് ട്രംപിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരേ ഈ ആഴ്ച ആദ്യം ട്രംപ് 1500 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായി ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് വളരെക്കാലമായി തന്നെ താറടിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്, ട്രംപ് വ്യക്തമാക്കി.
