Sunday, July 5, 2026

കത്തിക്കയറി സ്വര്‍ണവില: പവന് 1.21 ലക്ഷം;ആഗോളവിപണയില്‍ 5,200 ഡോളര്‍ പിന്നിട്ടു

ആഗോള വിപണിയിലെ അപ്രതീക്ഷിത കുതിപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ബുധനാഴ്ച മാത്രം പവന് 2,360 രൂപ വര്‍ധിച്ച് വില 1,21,120 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 295 രൂപ വര്‍ധിച്ച് 15,140 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,200 ഡോളര്‍ എന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ടതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ വന്‍ ഇടിവാണ് സ്വര്‍ണ്ണവില ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഡോളര്‍ സൂചിക നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി. ഡോളറിന്റെ മൂല്യം കുറച്ചുനിര്‍ത്താന്‍ വൈറ്റ് ഹൗസിനുള്ളില്‍ ധാരണയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കി. പുതിയ ഫെഡറല്‍ റിസര്‍വ് മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനങ്ങളും ഡോളര്‍ വിറ്റഴിക്കലിന് ആക്കം കൂട്ടി.

അമേരിക്കയിലെ ഉപഭോക്തൃ ആത്മവിശ്വാസം കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. തൊഴില്‍ വിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വിലനിലവാരവുമാണ് ഇതിന് കാരണമായത്. ഇതിനുപുറമെ, ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിക്ഷേപകരെ സ്വര്‍ണം പോലുള്ള ഭൗതിക ആസ്തികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണശേഖരം വര്‍ധിപ്പിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. 2026-ഓടെ സ്വര്‍ണ്ണവില ഔണ്‍സിന് 6,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു. സമീപഭാവിയില്‍ രാജ്യാന്തര വിപണിയില്‍ 5,240 ഡോളര്‍ എന്ന നിലവാരത്തില്‍ ചെറിയ പ്രതിരോധം നേരിട്ടേക്കാമെങ്കിലും, ഡോളറിന്റെ തകര്‍ച്ചയും രാഷ്ട്രീയ സാഹചര്യങ്ങളും തുടരുന്നിടത്തോളം കാലം സ്വര്‍ണ്ണത്തിന്റെ മുന്നേറ്റം തടയാനാവില്ലെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!