വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയ വിക്ടോറിയ സർവകലാശാലയിലെ ഒരു വിദേശ വിദ്യാർത്ഥി ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. നഗരത്തിലെ മാളിൽ നടന്ന ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റതായി സാനിച് പൊലീസ് അറിയിച്ചു. ജനുവരി 22 വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ടസ്കാനി വില്ലേജ് ഷോപ്പിങ് കോംപ്ലക്സിന് സമീപമാണ് ആക്രമണം നടന്നത്. സംഭവം വംശീയ ആക്രമണമാണെന്ന് പൊലീസ് വെളിപ്പെടുത്തി. സ്ഥാപനത്തിലെ രാജ്യാന്തര വിദ്യാർത്ഥിക്ക് നേരെ ആക്രമണം നടന്നതായി വിക്ടോറിയ സർവകലാശാല അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജിം ഡൺസ്‌ഡൺ സ്ഥിരീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥിയുടെ മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള കൊക്കേഷ്യൻ മേഖലയിൽ നിന്നുള്ള ആളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
