എഡ്മിന്‍റൻ : ആൽബർട്ടയിൽ ഹൃദയ-കാൻസർ ശസ്ത്രക്രിയകൾക്കായി രോഗികൾ ഏറെ നാളുകൾ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ട്. രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ ദയനീയമാണ് നിലവിലെ സാഹചര്യമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബറിലെ കണക്കുകൾ പ്രകാരം, വെറും 11% ഹൃദയ ബൈപാസ് ശസ്ത്രക്രിയകൾ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ നടന്നത്. എന്നാൽ ആറ് വർഷം മുൻപ് ഇത് 60 ശതമാനമായിരുന്നു. സാധാരണഗതിയിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കേണ്ട ബൈപാസ് ശസ്ത്രക്രിയകൾക്കായി പല രോഗികൾക്കും മാസങ്ങളാണ് കാത്തിരിക്കേണ്ടി വരുന്നത്. കാൻസർ ശസ്ത്രക്രിയകളുടെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ബ്ലാഡർ, ബ്രെസ്റ്റ്, ശ്വാസകോശം തുടങ്ങി പ്രധാനപ്പെട്ട അഞ്ച് തരം കാൻസർ ശസ്ത്രക്രിയകളിൽ 51 ശതമാനം മാത്രമാണ് 2025-ൽ കൃത്യസമയത്ത് നടന്നത്. 2019-ൽ ഇത് 65 ശതമാനമായിരുന്നു. ശസ്ത്രക്രിയ വൈകുന്നത് രോഗം പടരാനും ചികിത്സ സങ്കീർണ്ണമാകാനും ഇടയാക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

അതേസമയം കഴിഞ്ഞ വർഷം മൂന്ന് ലക്ഷത്തിലധികം ശസ്ത്രക്രിയകൾ നടത്തി റെക്കോർഡ് നേട്ടം കൈവരിച്ചുവെന്നാണ് ആൽബർട്ട സർക്കാർ അവകാശപ്പെടുന്നത്. കാത്തിരിപ്പ് സമയം കുറയ്ക്കാൻ സ്വകാര്യ ആശുപത്രികളെ കൂടി ഉപയോഗപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിലും, ഇത് സർക്കാർ ആശുപത്രികളിലെ വിഭവങ്ങൾ കുറയ്ക്കാൻ ഇടയാക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ ജീവൻ അപകടത്തിലാകും മുൻപ് അടിയന്തര നടപടികൾ വേണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നു.
