ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രീമിയറായി റോബ് ലാന്‍റസിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി കൺവെൻഷനിൽ ഇഞ്ചോടിഞ്ച് മത്സരത്തിൽ വിജയിച്ചതോടെയാണ് റോബ് ലാന്‍റസ് പാർട്ടി നേതൃത്വത്തിലേക്കും പ്രീമിയർ സ്ഥാനത്തേക്കും എത്തുന്നത്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് (87%) ഇത്തവണ കൺവെൻഷൻ സാക്ഷ്യം വഹിച്ചത്. പ്രധാന എതിരാളിയായ മാർക്ക് ലെഡ്‌വെല്ലിനെ 350 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലാന്‍റസ് വിജയം ഉറപ്പിച്ചത്. 6,132 പാർട്ടി അംഗങ്ങൾ വോട്ട് ചെയ്തതിൽ റോബ് ലാന്‍റസിനു 2,895 വോട്ടുകൾ (53%) ലഭിച്ചപ്പോൾ എതിരാളി ലെഡ്‌വെല്ലിന് 2,542 വോട്ടുകൾ (46%) ലഭിച്ചു.

ആറ് വർഷത്തെ ഭരണത്തിന് ശേഷം ഡെന്നിസ് കിങ് രാജി വെച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഇടക്കാല പ്രീമിയറായിരുന്ന റോബ് ലാന്‍റസ്, നേതൃത്വ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഡിസംബറിൽ പ്രീമിയർ സ്ഥാനം ഒഴിഞ്ഞിരുന്നു. റോബ് ലാന്‍റസ് ഉടൻ തന്നെ പ്രീമിയറായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
