ഹ്യൂസ്റ്റൺ : ടെക്സസിൽ പുതുതായി നിർമ്മിച്ച ഹനുമാൻ ക്ഷേത്രത്തിനെതിരെ വംശീയവും വിദ്വേഷപരവുമായ പരാമർശവുമായി വലതുപക്ഷ ആക്ടിവിസ്റ്റ് രംഗത്തെത്തിയത് വിവാദമാകുന്നു. ‘തേർഡ് വേൾഡ് ഏലിയൻസ്’ (മൂന്നാം ലോക അന്യഗ്രഹജീവികൾ) അമേരിക്കയെ പടിപടിയായി കീഴടക്കുകയാണെന്ന ക്രിസ് റൂസ്സോ എന്ന ആക്ടിവിസ്റ്റിന്‍റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ശ്രീ അഷ്ടലക്ഷ്മി ക്ഷേത്ര പരിസരത്താണ് വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഭക്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായാണ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഹിന്ദു സമൂഹം കാണുന്നത്.

ടെക്സസിലെ ഹ്യൂസ്റ്റണിൽ നിർമ്മിച്ച 90 അടി ഉയരമുള്ള ‘അഭയ ഹനുമാൻ’ പ്രതിമയുടെയും ക്ഷേത്രത്തിന്‍റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു റൂസ്സോയുടെ വിവാദ പരാമർശം. “ഇത് ടെക്സസാണ്, ഇന്ത്യയല്ല. നമ്മുടെ പൈതൃകവും സംസ്‌കാരവും തകർക്കാൻ ഇത്തരം നിർമ്മിതികൾ അനുവദിക്കരുത്” എന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം. കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ ‘അധിനിവേശം നിർത്തുക, ഇവരെ നാടുകടത്തുക’ തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതിനോടൊപ്പം ഉപയോഗിച്ചിരുന്നു.

കുടിയേറ്റക്കാരെയും ഹിന്ദു വിശ്വാസത്തെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റൂസ്സോയുടെ പരാമർശങ്ങൾ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ കടുത്ത അമർഷമുണ്ടാക്കി. ‘മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവർ വന്ന് അമേരിക്കയുടെ തനിമ നശിപ്പിക്കുന്നു’ എന്ന വിദ്വേഷ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. റൂസ്സോയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അമേരിക്കയുടെ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് പലരും ചൂണ്ടിക്കാട്ടി. അതേസമയം, ഒരു വിഭാഗം കടുത്ത കുടിയേറ്റ വിരുദ്ധരും വംശീയവാദികളും റൂസ്സോയ്ക്ക് പിന്തുണയുമായെത്തിയത് സ്ഥിതിഗതികൾ വഷളാക്കി.
