മുംബൈ : ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണം രാജ്യാന്തര തലത്തില്‍ ഓഹരി വിപണികളെയും സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ വിലയെയും ബാധിച്ചേക്കും. ഇന്നും നാളെയും പ്രധാന വിപണികളെല്ലാം അവധിയിലാണ്. തിങ്കളാഴ്ച വിപണി തുറക്കുമ്പോഴാകും ആക്രമണത്തിന്റെ പ്രതിഫലനം പ്രകടമാകുന്നത്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വഷളായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ വില കുതിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് രണ്ടുശതമാനത്തോളം കയറി 5,278 ഡോളറിലെത്തി. ഒരുവേള ഔണ്‍സിന് 5,280 ഡോളറിലേക്ക് വരെ എത്തി. വെള്ളി വില 7.5 ശതമാനമാണ് കയറിയത്. ഇറാന്‍ – യുഎസ് യുദ്ധഭീഷണിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള വാങ്ങല്‍ കൂടിയതാണ് കാരണം. കേരളത്തില്‍ ഇന്നലെ സ്വര്‍ണവില ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇന്നും വില കൂടാനാണ് സാധ്യത.

ഇറാന്‍ – യുഎസ് യുദ്ധമുണ്ടായാല്‍ വിതരണത്തില്‍ തടസം നേരിട്ടേക്കുമെന്ന ആശങ്കയില്‍ ക്രൂഡ് ഓയില്‍ വിലയും രണ്ടു ശതമാനത്തോളം കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 2.45 ശതമാനം കയറി 72.48 ഡോളറിലെത്തി. മര്‍ബന്‍ ക്രൂഡ് 1.70 ശതമാനവും ഡബ്ല്യൂടിഐ 2.78 ശതമാനവും വര്‍ധിച്ചു. ലോകത്തിലെ ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ പ്രധാന ഇടനാഴികളില്‍ ഒന്നായ ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചേക്കുമെന്ന ഭീഷണിയും വിലക്കയറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചത് ഏഷ്യയില്‍ ക്രൂഡ് ഓയിലിന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്. ഇതുകണക്കിലെടുത്ത് ഏപ്രില്‍ ക്രൂഡ് ഓയില്‍ വില സൗദി അറേബ്യ ബാരലിന് ഒരു ഡോളര്‍ വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലെ അവസാന വ്യാപാര ദിനം കനത്ത നഷ്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 961 പോയിന്റുകള്‍ ഇടിഞ്ഞ് 81,287.19ലെത്തി. നിഫ്റ്റി 317.90 പോയിന്റ് നഷ്ടത്തില്‍ 25,178.65ലുമായി. ഇരുസൂചികകളും ഇടിഞ്ഞത് ഒരു ശതമാനത്തിന് മുകളില്‍. ബാങ്കിങ് ഓഹരികളാണ് ഇന്നലത്തെ ഇടിവില്‍ മുന്നില്‍ നിന്നത്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ രണ്ടു ശതമാനത്തോളം നഷ്ടത്തിലായി. എച്ച്ഡിഎഫ്‌സി ബാങ്ക് 1.3 ശതമാനവും ഇടിഞ്ഞു. ഫെബ്രുവരിയിലെ മൊത്തം കണക്കെടുത്താല്‍ സെന്‍സെക്‌സ് 1.2 ശതമാനവും നിഫ്റ്റി 0.6 ശതമാനവും നഷ്ടത്തിലാണ്.
