വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ കാമുകനെതിരെ കൊലക്കുറ്റം ചുമത്തി. 28 വയസ്സുകാരി നവ്‌ദീപ് കൗറിന്‍റെ മരണത്തിൽ കാമുകൻ 24 വയസ്സുള്ള അമർബീർ സിങ്ങിനെതിരെ കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അറിയിച്ചു. അമർബീർ സിങ് രാജ്യം വിട്ടതായും ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

2024 ഫെബ്രുവരി 23-നാണ് സറേയിലെ 123 സ്ട്രീറ്റിലെ 7800 ബ്ലോക്കിൽ താമസിച്ചിരുന്ന നവ്ദീപ് കൗറിനെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. കുടുംബത്തിന്‍റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, അഞ്ച് മാസങ്ങൾക്ക് ശേഷം 2024 ജൂലൈയിൽ, റിച്ച്‌മണ്ടിലെ ഫ്രേസർ നദിക്കരയിൽ നിന്ന് മനുഷ്യശരീര അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇത് കാണാതായ നവ്ദീപ് കൗറിന്‍റെതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടർന്ന് മാസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനും തെളിവുകൾ ശേഖരിച്ചതിനും ശേഷമാണ് അമർബീർ സിങ്ങിനെതിരെ കൊലക്കുറ്റം ചുമത്തിയത്. നവ്ദീപ് കൗറിനെ കാണാതാകുന്ന സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അമർബീർ സിങ്ങിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-877-551-IHIT (4448) എന്ന നമ്പറിലോ ihitinfo@rcmp-grc.gc.ca എന്ന ഇമെയിൽ വഴിയോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അഭ്യർത്ഥിച്ചു.
