വൻകൂവർ : പ്രവിശ്യയിലെ എല്ലാ മേഖലകളിലെയും ഭവന വിപണി പ്രതിസന്ധിയിലാണെന്ന് ബി.സി. റിയൽ എസ്റ്റേറ്റ് അസോസിയേഷൻ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഫെബ്രുവരിയിലെ വീടുകളുടെ വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ടതായി അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ മാസം പ്രവിശ്യയിലുടനീളം നാലായിരത്തി അഞ്ഞൂറിലധികം വീടുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 10% കുറവാണിത്. കൂടാതെ പ്രവിശ്യയിൽ വീടുകളുടെ ശരാശരി വില 2.9% ഇടിഞ്ഞ് ഏകദേശം 932,000 ഡോളറിലെത്തി.

പവൽ റിവറിലാണ് ഏറ്റവും കൂടുതൽ വീടുകളുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പന ഏകദേശം 35% കുറഞ്ഞു. അതേസമയം ചില്ലിവാക്കിൽ 31 ശതമാനവും കൂട്ടെനെയ്‌സിൽ 29 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഗ്രേറ്റർ വൻകൂവറിൽ കഴിഞ്ഞ മാസം 1,600 യൂണിറ്റ് വിൽപ്പന മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 9% ഇടിവ്.
