യുഎഇ: ഗൾഫ് രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇയുടെ നിർണ്ണായക തീരുമാനം. യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ ആണ് മാറ്റിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയും നിലവിലെ പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുത്താണ് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.
യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, എന്നീ ആറ് ജിസിസി രാജ്യങ്ങൾക്ക് പുറമെ ഇറാനിലേയും പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്താനിരുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയം എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച വിശദമായ മാനദണ്ഡങ്ങൾ ബോർഡ് ഉടൻ പുറത്തുവിടും എന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും സിബിഎസ്ഇ കൈമാറി. നേരത്തെ മാർച്ച് 2 മുതൽ 11 വരെ നടക്കാനിരുന്ന പത്താം ക്ലാസ് പരീക്ഷകളും ബോർഡ് റദ്ദാക്കിയിരുന്നു.
നിലവിലെ വാർത്തകൾ സൂചിപ്പിക്കുന്നത് പ്രകാരം, ഗൾഫ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരതയും സൈനിക നീക്കങ്ങളുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ബോർഡിനെ നയിച്ചത്. ഇറാൻ, ഇസ്രയേല്‍, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സംഘർഷം ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ട്. ഡ്രോൺ – മിസൈൽ ആക്രമണങ്ങളും സൈനിക നീക്കങ്ങളും വലിയ തോതിലുള്ള മുൻകരുതലുകൾ എടുക്കാൻ കാരണമായി. വിദ്യാർത്ഥികളുടെ ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുക സാധ്യമല്ലെന്ന് മനസ്സിലായ സൗഹര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ സി.ബി.എസ്.ഇ എത്തിത്.
പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കിയ സ്ഥിതിക്ക് ഫലപ്രഖ്യാപനത്തിനായി സി.ബി.എസ്.ഇ പുതിയ ഒരു മൂല്യനിർണ്ണയ രീതി കൊണ്ടുവരേണ്ടി വരും സ്കൂളുകളിൽ നടത്തിയ മോഡൽ പരീക്ഷകൾ, യൂണിറ്റ് ടെസ്റ്റുകൾ എന്നിവയുടെ മാർക്ക് പരിഗണിച്ചേക്കാം എന്നും റിപ്പോർട്ടുണ്ട്. നേരത്തെ നടന്ന പ്രായോഗിക പരീക്ഷകളുടെ മാർക്ക് വലിയൊരു ഘടകമാകും. പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും പ്രകടനം കൂടി പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
