ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ മകൻ ചാണ്ടി ഉമ്മൻ എതിർത്തുവെന്ന വാർത്തകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മറിയ ഉമ്മനെ ചെങ്ങന്നൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകളാണ് പുതിയ തർക്കങ്ങൾക്ക് വഴിതുറന്നത്. എന്നാൽ, കുടുംബത്തിൽ നിന്ന് ഒരാൾ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത് ‘കുടുംബവാഴ്ച’ എന്ന ആക്ഷേപത്തിന് കാരണമാകുമെന്ന് ചാണ്ടി ഉമ്മൻ തുറന്നടിച്ചു.
മറിയ ഉമ്മന് സീറ്റ് നൽകുകയാണെങ്കിൽ താൻ സ്ഥാനം ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെന്നും, രാജി കത്ത് തന്റെ കൈവശമുണ്ടെന്നും ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചിരുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.. മറിയ ഉമ്മൻ മത്സരിക്കണമെന്നുണ്ടെങ്കിൽ അത് പുതുപ്പള്ളിയിൽ ആകട്ടെ എന്നും, താൻ അവിടം വിട്ടുനൽകാൻ തയ്യാറാണെന്നുമാണ് ചാണ്ടി ഉമ്മൻന്റെ നിലപാട്.

ചർച്ചകൾ വലിയ രീതിയിൽ സജീവമായപ്പോൾ വിഷയത്തിൽ നിന്ന് യു ടേൺ അടിച്ചിരിക്കുയാണ്ചാണ്ടി ഉമ്മൻ. പ്രചരിക്കുന്ന വാർത്തകളെല്ലാം മാധ്യമ സൃഷ്ടിയാണ്. താൻ അത്തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര് മത്സരിക്കണം, എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അല്ലാതെ വ്യക്തികളല്ല. മറിയ ഉമ്മൻ മത്സരിച്ചാൽ താൻ രാജി വെക്കുമെന്ന വാർത്തകൾ
പൂർണ്ണമായും നിഷേധിക്കുന്നു. വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു.
ചാണ്ടി ഉമ്മൻ വാർത്തകൾ നിഷേധിക്കുമ്പോഴും, മറിയ ഉമ്മനെ ചെങ്ങന്നൂരിലേക്ക് പരിഗണിക്കുന്നതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോഴും ശക്തമാണ്. കുടുംബത്തിൽ നിന്ന് രണ്ടുപേർ വേണ്ട” എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നതായും, തന്റെ അതൃപ്തി വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ടെന്നുമാണ് അണിയറയിലെ സംസാരം.
മറിയ ഉമ്മൻ പിന്മാറുമോ അതോ പുതുപ്പള്ളി വിട്ടുനൽകാൻ ചാണ്ടി തയ്യാറാകുമോ? ഈ വിവാദങ്ങൾ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ എങ്ങനെ ബാധിക്കും എന്ന് കണ്ടുതന്നെ അറിയണം.
