കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങളെയും പ്രതിപക്ഷത്തിന്റെ എതിർപ്പുകളെയും മറികടന്ന് കേരളം ലോകത്തിന് മുന്നിൽ ബദൽ വികസന മാതൃക ഉയർത്തിപ്പിടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റുകൾക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര നയമല്ല, മറിച്ച് സാധാരണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം വിൽക്കാൻ വച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (HNL) സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (KPPL) ആയി പുനരുജ്ജീവിപ്പിച്ചു. ബി.എച്ച്.ഇ.എൽ (BHEL) യൂണിറ്റ് ഏറ്റെടുത്ത് കെൽ-ഇ.എം.എൽ (KEL-EML) ആക്കി മാറ്റി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം 10.79 കോടിയിൽ നിന്ന് 55.86 കോടി രൂപയായി വർധിച്ചു. ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 25 ആയി ഉയർന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വളര്‍ച്ച ഒരു കണക്കു മാത്രമല്ല പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും എടുത്ത നയപരമായ ഇടപെടലുകളുടെ ഫലമാണ്. സ്ഥാപനങ്ങളെ ആധുനികവല്‍ക്കരിക്കുകയും, വൈവിധ്യവല്‍ക്കരിക്കുകയും, പ്രൊഫഷണല്‍ നേതൃത്വത്തെ നിയമിക്കുകയും ചെയ്താണ് ഈ മാറ്റമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കോൺഗ്രസ് കൊണ്ടുവന്നതും ബിജെപി തുടരുന്നതുമായ ആസിയാൻ കരാറാണ് റബ്ബർ കർഷകരെ പ്രതിസന്ധിയിലാക്കിയത്. റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയിൽ നിന്ന് 200 രൂപയായി സർക്കാർ ഉയർത്തി. വെള്ളൂരിൽ 1050 കോടി രൂപ ചെലവിൽ ‘കേരള റബ്ബർ ലിമിറ്റഡ്’ വ്യവസായ കേന്ദ്രം സ്ഥാപിക്കുന്നു. 164 ഏക്കറില്‍ പദ്ധതി പുരോഗമിക്കുന്നു. പ്ലാന്‍റേഷന്‍ മേഖലയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ചത് ഈ സര്‍ക്കാരിന്‍റെ മറ്റൊരു ഇടപെടലാണ്. രാജ്യത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ്.
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും വനം ഭേദഗതി ബില്ലും നിയമസഭ പാസാക്കി. മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ബില്ലുകള്‍ക്ക് കേന്ദ്രതലത്തില്‍ അംഗീകാരം ലഭിക്കാതെ തടസ്സപ്പെട്ടിരിക്കുകയാണ്. അതിനിടയിലും മലയോര ജനതയ്ക്ക് ആശ്വാസം നല്‍കുന്നതിനായി നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. വന്യജീവി നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാകാത്തത് വലിയ പ്രതിസന്ധിക്ക് കാരണം ആയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 14 ലക്ഷം രൂപയായി ഉയർത്തി. പാമ്പ്, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്കും 4 ലക്ഷം രൂപ സഹായം നൽകും.
ബഫര്‍ സോണ്‍ വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ ജനവാസമേഖലകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കാൻ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് കേരളം മുന്നോട്ടുവെക്കുന്നതെന്നും, കേന്ദ്ര നയങ്ങൾ തടസ്സമാകുമ്പോഴും ജനപക്ഷത്ത് നിന്ന് സർക്കാർ പോരാടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിച്ച് വളര്‍ത്തിയതും, റബ്ബര്‍ കര്‍ഷകരെ ചേര്‍ത്തുപിടിച്ചതും, മലയോര ജനതയുടെ ജീവനും ജീവിതവും സംരക്ഷിക്കാന്‍ നിയമപരവും സാമ്പത്തികവുമായ ഇടപെടലുകള്‍ നടത്തിയതും ഈ സര്‍ക്കാരിന്‍റെ ജനപക്ഷ നിലപാടുകളാണ്. വികസനവും സാമൂഹ്യനീതിയും കൈകോര്‍ക്കുന്ന ഭരണ മാതൃകയാണ് കേരളം മുന്നോട്ടുവയ്ക്കുന്നത് മുഖ്യമന്ത്രി കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു.
