തിരുവനന്തപുരം: ആഴ്ചകൾ നീണ്ട ആവേശകരമായ പരസ്യപ്രചാരണത്തിന് ശേഷം കേരളം ഇനി പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരത്തോടെ സമാപിച്ചു. താളമേളങ്ങളോടെയും കൊടിതോരണങ്ങളോടെയും നടന്ന കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രചാരണം കഴിഞ്ഞ് പിരിഞ്ഞുപോകുന്നതിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
കല്ലേറിൽ ഒരു എസ്ഐ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. എഴിക്കകത്ത് ജങ്ഷനിലായിരുന്നു സംഘർഷം. കൂടുതൽ പോലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കളമശ്ശേരിയിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. വടകരയിലും സമാനമായ രീതിയിൽ തർക്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. സ്ഥാനാർത്ഥികൾ വീടുകൾ കയറി വോട്ടഭ്യർത്ഥിക്കും.

ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫും, ശക്തമായ സാന്നിധ്യമാകാൻ എൻഡിഎയും അണിനിരക്കുന്നതോടെ ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും കർശന ജാഗ്രതയിലാണ്.
