Tuesday, April 14, 2026

ഉപഭോക്താക്കളെ പിഴിയുന്ന സർവൈലൻസ് പ്രൈസിംഗ് നിരോധിക്കണമെന്ന്‌ പാർലമെന്റിൽ അവി ലൂയിസ്‌

ഓട്ടവ: കാനഡയിലെ വിപണികളിലും ഓൺലൈൻ സൈറ്റുകളിലും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി വില വർദ്ധിപ്പിക്കുന്ന സർവൈലൻസ് പ്രൈസിംഗ് നിരോധിക്കണമെന്ന ആവശ്യവുമായി എൻ.ഡി.പി നേതാവ് അവി ലൂയിസ്. പാർലമെന്റ് ഹില്ലിലെ തന്റെ ആദ്യ ഔദ്യോഗിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തിയുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററി, ഒരു വെബ് പേജിൽ ചെലവഴിക്കുന്ന സമയം തുടങ്ങിയ വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വിശകലനം ചെയ്ത്, ഓരോ വ്യക്തിക്കും വ്യത്യസ്ത വില ഈടാക്കുന്ന രീതിയാണിത്. കുട്ടിക്ക് പനി വരുമ്പോൾ അതിനെക്കുറിച്ച്‌ ഗൂഗിളിൽ സെർച്ച് ചെയ്ത ഒരു രക്ഷിതാവ് ഓൺലൈനിൽ തെർമോമീറ്റർ വാങ്ങാൻ നോക്കിയാൽ, മറ്റൊരാൾക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന വില ഇയാൾക്ക് നൽകേണ്ടി വരും. ഒരേ കടയിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ഒരേ ഉൽപ്പന്നത്തിന് രണ്ട് പേർ രണ്ട് വില നൽകേണ്ടി വരുന്നത് നീതിയല്ല. ഇത് വെറും കൊള്ളയാണ്, തികച്ചും പേടിപ്പെടുത്തുന്ന രീതിയുമാണെന്നാണ്‌ ലൂയിസ്‌ ചൂണ്ടിക്കാണിക്കുന്നത്‌.

നിലവിൽ ഇറാൻ യുദ്ധവും അന്താരാഷ്ട്ര പ്രതിസന്ധികളും കാരണം എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾ കൊയ്യുന്ന അമിത ലാഭത്തിന് വിൻഡ്‌ഫോൾ ടാക്സ് ഏർപ്പെടുത്തണമെന്നും ലൂയിസ് ആവശ്യപ്പെട്ടു. സാധാരണക്കാർ പെട്രോൾ പമ്പുകളിൽ പണമടച്ച് ബുദ്ധിമുട്ടുമ്പോൾ കോർപ്പറേറ്റുകൾ ലാഭം കൊയ്യുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാനിറ്റോബയിലെ എൻ.ഡി.പി സർക്കാർ കഴിഞ്ഞ മാസം ഇത്തരമൊരു നിയമം പ്രവിശ്യയിൽ കൊണ്ടുവന്നിരുന്നു. ഇത് ഫെഡറൽ തലത്തിലും നടപ്പിലാക്കണമെന്നാണ് എൻ.ഡി.പിയുടെ ആവശ്യം. ബുധനാഴ്ച ഇത് സംബന്ധിച്ച പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കും. ലിബറൽ ഗവൺമെന്റ് ഭൂരിപക്ഷത്തിന് തൊട്ടരികിൽ നിൽക്കുന്ന സാഹചര്യത്തിൽ, ജനപിന്തുണയുള്ള ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കാനാണ് പുതിയ നേതാവ് അവി ലൂയിസിന്റെ നീക്കം. കാനഡയിലെ 52 ശതമാനം ജനങ്ങളും ഈ നിരോധനത്തെ അനുകൂലിക്കുന്നുണ്ടെന്നാണ് പുതിയ സർവ്വേകൾ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!